Connect with us

Crime

ആൺസുഹൃത്തിൻ്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്. കൂടുതൽ വകുപ്പുകൾ ചേർക്കും

Published

on

കണ്ണൂർ: പിണറായി കായലോട്ട് ജീവനൊടുക്കിയ യുവതിയുടെ ആൺസുഹൃത്ത് റഹീസിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്. മുബഷീർ, ഫൈസൽ, റഫ്നാസ്, സുനീർ, സഖറിയ എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. 40കാരിയായ റസീനയുമായി കാറിലിരുന്ന് സംസാരിച്ചിരിക്കേ റഹീസിനെ യുവാക്കൾ പിടിച്ചിറക്കി മർദ്ദിച്ചെന്നാണ് കേസ്. ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായി ആൺസുഹൃത്ത് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ പോലീസ് ചേർത്തു

റഹീസിന്റെ കൈവശമുണ്ടായിരുന്ന മൂന്ന് മൊബൈൽ ഫോണുകളും പ്രതികൾ ബലം പ്രയോ​ഗിച്ച് പിടിച്ചുവാങ്ങി. സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ഒഴിഞ്ഞ പറമ്പിൽ വച്ച് മർദ്ദിക്കുകയും ചെയ്തു. യുവതിയോട് സംസാരിച്ചതിന്റെ വിരോധം മൂലമാണ് റഹീസിനെ ഇവർ സംഘം ചേർന്ന് മർദ്ദിച്ചത്. ഇന്ന് രാവിലെയാണ് റഹീസ് പിണറായി പൊലീസ് സ്റ്റേഷനിൽ സ്വമേധയാ ഹാജരായി മൊഴി നൽകിയത്.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ചേരിക്കമ്പനിക്ക് സമീപത്തെ റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള മൂന്നുപേരെ പിടികൂടിയത്. സദാചാര ഗുണ്ടായിസത്തിൽ മനംനൊന്താണ് റസീന ജീവനൊടുക്കിതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇതിനിടയിൽ റസീനയുടെ കുടുംബം ആൺസുഹൃത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. റസീനയുടെ പണവും സ്വർണവും തട്ടിയെടുത്തത് ആൺസുഹൃത്താണെന്നും അറസ്റ്റിലായവർ നിരപരാധികളാണെന്നുമാണ് മാതാവ് ഫാത്തിമ വെളിപ്പെടുത്തിയത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം റഹീസ് നിഷേധിച്ചിരിക്കുകയാണ്

Continue Reading