KERALA
ഡിഎംകെ സഖ്യത്തില്‍ സിപിഎം തുടരുന്നത് അപമാനം സഹിച്ചുകൊണ്ടാണെന്ന് എഐഎഡിഎംകെ
ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ സിപിഎമ്മും വിസികെയും തുടരുന്നത് ഡിഎംകെയുടെ അപമാനം സഹിച്ചുകൊണ്ടാണെന്ന് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി കെ. പളനിസ്വാമി. എഐഎഡിഎംകെ സഖ്യത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്തുകൊണ്ട് തങ്ങള്‍ ചുവപ്പുപരവതാനി വിരിച്ചിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന് വില്ലുപുരത്ത് സമ്മേളനം സംഘടിപ്പിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടുവെന്നും പളനിസ്വാമി ആരോപിച്ചു. പാര്‍ട്ടിയുടെ കൊടിമരങ്ങള്‍ സ്ഥാപിക്കാന്‍ പോലും വിസികെയ്ക്ക് അനുമതി ലഭിച്ചിട്ടില്ല. എന്നിട്ടും ഡിഎംകെ സര്‍ക്കാര്‍ മികച്ചതാണെന്നാണ് അവര്‍ രണ്ടുകൂട്ടരും പറയുന്നു. ‘ഇത്തരം അപമാനം സഹിച്ചിട്ടും നിങ്ങള്‍ ആ സഖ്യത്തില്‍ തുടരുമോയെന്നും അദ്ദേഹം സിപിഎമ്മിനോടും വിസികെയോടും ചോദിച്ചു.
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സഖ്യം വിജയിക്കുമെന്നും എടപ്പാടി പളനിസ്വാമി അവകാശപ്പെട്ടു.
