Education
സി ബി എസ് ഇ പരീക്ഷ എഴുതണോ : 75 ശതമാനം ഹാജർ നിർബന്ധം
ന്യൂഡൽഹി: 2026 ലെ 10,12 ക്ലാസുകളിൽ പരീക്ഷയെഴുതുന്നതിന് 75 ശതമാനം ഹാജർ നിർബന്ധമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ(സി.ബി.എസ്.ഇ). എന്നാൽ മതിയായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാൽ ഹാജർ നിലയിൽ 25 ശതമാനം ഇളവ് ലഭിക്കും. അടിയന്തര മെഡിക്കൽ ആവശ്യങ്ങൾ, ദേശീയ-അന്തർദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർ, മറ്റ് ഗുരുതര പ്രശ്നങ്ങളുള്ളവർ എന്നിവർക്കാണ് ഇളവ് ലഭിക്കുക. 2026 ജനുവരി 27നു മുമ്പ് ഇതുസംബന്ധിച്ച രേഖകൾ സമർപ്പിച്ചിരിക്കണം. വൈകി കിട്ടുന്ന അപേക്ഷകൾ ഒരിക്കലും അംഗീകരിക്കില്ല.
ഈ സാഹചര്യങ്ങളിൽ കാരണം വ്യക്തമാക്കുന്ന മതിയായ രേഖകൾ സമർപ്പിച്ചാൽ മതിയാകും. വിദ്യാർഥികൾ രേഖകൾ സഹിതം പഠിക്കുന്ന സ്കൂളിലാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയില്ലെങ്കിൽ അവധി അനധികൃതമായി പരിഗണിക്കും.
ഇത്തരക്കാരല്ലാതെ മതിയായ ഹാജരില്ലാത്തവരെ പരീക്ഷയെഴുതുന്നതിൽ നിന്ന് വിലക്കുകയും ചെയ്യും.കാരണങ്ങളില്ലാതെ അവധിയെടുക്കുന്നവരെ നോൺ അറ്റൻഡിങ് അഥവാ ഡമ്മി കാൻഡിഡേറ്റ് ആയാണ് കണക്കാക്കുക. പരീക്ഷക്ക് വേണ്ടി മാത്രമല്ല, ഉത്തരവാദിത്തമുള്ള നല്ല വ്യക്തികളെ വാർത്തെടുക്കുന്നതിനും സ്ഥിരമായ ഹാജർ നിർബന്ധമാണെന്ന് സി.ബി.എസ്.ഇ ബോർഡ് വ്യക്തമാക്കി.
