KERALA
മൂക്കാതെ പഴുത്തതിന്റെ കുഴപ്പമാണ് വിജയരാഘവനെന്ന് ചെന്നിത്തല

തലശ്ശേരി- മുസ്ലീം വര്‍ഗീയത ഉയര്‍ത്തി മത സാഹോദര്യത്തെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്ന സി.പി.എം സം സ്ഥാന സെക്രട്ടറി വിജയരാഘവന്‍ മൂക്കാതെ പഴുത്തതിന്റെ കുഴപ്പമാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഐശ്വര്യ കേരള യാത്രക്ക് തലശ്ശേരിയില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു ചെന്നിത്തല. യു.ഡി.എഫിലെ ഘടക കക്ഷിയായ മുസ്ലീം ലീഗിന്റെ നേതാക്കളെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയും പോകും. എല്ലാവരും ആധരിക്കുന്ന പാണക്കാട് കുടുംബത്തെ കാണാന്‍ പോകുന്നതില്‍ എന്ത് തെറ്റാണുള്ളത്. ഇത്രയധികം മുസ്ലീം വിരുദ്ധത പ്രോത്സാഹിപ്പിക്കുന്ന ഒരു ഭരണകൂടം ഇവിടെയുണ്ടായിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടിയുടെ രോമം തൊടാന്‍ പിണറായി വിജയന് കഴിയില്ല.ഐശ്വര്യ കേരള യാത്ര തിരുവന്തപുരത്തെത്തുമ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ അഴിമതി ഭരണത്തിന് അന്ത്യം കുറിക്കും.അഞ്ച് വര്‍ഷക്കാലം കൊണ്ട് സ്വന്തം മണ്ഡലത്തില്‍ പോലും വികസനമെത്തിക്കാന്‍ സാധിക്കാത പിണറായി വിജയന്‍ കേരളത്തില്‍ എന്ത് വികസനമാണ് കൊണ്ട് ഇനി കൊണ്ട് വരിക. ഒരു രൂപയുടെ മൂലധന നിക്ഷേപം പോലും ഇവിടെയുണ്ടാക്കാന്‍ സാധിച്ചില്ല.34 രാഷട്രീയ കൊലപാതകങ്ങളും നാല് ലോക്കപ്പ് മരണങ്ങളും ഏഴ് മാവോയിസ്റ്റ് വേട്ടകളും നടത്തിയ സര്‍ക്കാറിന് എന്ത് വികസമാണ് ചൂണ്ടിക്കാട്ടാനുള്ളത.് പിണറായി വിജയന്റെ വാക്കും കാലി ചാക്കും ഒരു പോലെയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഇതു പോലെ ശാസ്ത്രീയമായ അഴിമതി നടത്തിയ ഭരണം ഇതുവരെ കേരളം കണ്ടിട്ടില്ല.രണ്ട് മാസം കഴിയുമ്പോള്‍ കേരള ജനത ഈ സര്‍ക്കാറിനോട് കടക്ക് പുറത്തെന്ന് വിളിച്ച് പറയും. അഹന്തയും ധിക്കാരവും ഏകാധിപത്യവും നടമാടുന്ന ഒരു ഭരണം ഇനിയും നമുക്ക് വേണോ. അഴിമതി നടത്തിയവരെ യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ അഴിക്കുള്ളിലാക്കും. പി.എസ്.സിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും വഴിയല്ലാതെ പിന്‍വാതില്‍ നിയമനം യു.ഡി.എഫ് നടത്തില്ല..വാളയാറില്‍ രണ്ട് പെണ്‍കുട്ടികളെ അരിവാള്‍ പാര്‍ട്ടിക്കാര്‍ പീഡിപ്പിച്ചപ്പോള്‍ സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെടാത സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്‌ള കേസ് സി,.ബി.ഐക്ക് വിടുകയാണെന്നും ചെന്നിത്തല പറഞ്ഞു.
തന്നെ ആര്‍.എസ്.എസിന്റെ ട്രൗസറുടിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ഇപ്പോള്‍ കിടക്കുന്നത് അഗ്രഹാര ജയിലിലാണെന്ന കാര്യം മറക്കേണ്ട.കോടിയേരിയുടെ വീട്ടിലാണ് കേരളത്തിലെ മയക്കു മരുന്ന് കച്ചവടത്തിന്റെ പ്രധാന ഇടപാടുകള്‍ നടത്തിയതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. പിണറായി വിജയന്‍ എത്ര പി.ആര്‍ ഏജന്‍സികളെ വെച്ച് മുഖം വെളുപ്പിക്കാന്‍ ശ്രമിച്ചാലും അത് നടക്കാന്‍ പോകുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.