KERALA
തുടരും’ പോസ്റ്റുമായി റോഷി അഗസ്റ്റിൻ : ജോസ്.കെ.മാണിയും സംഘവും യുഡി എഫിലേക്ക് ?
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇടതുമുന്നണി തിങ്കളാഴ്ച നടത്തിയ ഏകദിന സത്യഗ്രഹത്തിൽനിന്നുള്ള ചിത്രം ‘തുടരും’ എന്ന അടിക്കുറിപ്പോടെ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ. എന്നാൽ മന്ത്രിയുടെ പാർട്ടിയായ കേരളാ കോൺഗ്രസ് എം, ഇടതു മുന്നണി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇതെന്നത് ശ്രദ്ധേയമാണ്.
സത്യഗ്രഹ പരിപാടിയിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി പങ്കെടുത്തിരുന്നില്ല. വിദേശത്ത് പോയതിനാലാണ് ജോസ് സത്യഗ്രഹത്തിന് എത്താത്തത് എന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം. മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂമന്ത്രി കെ. രാജൻ, വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, എന്നിവരെയും റോഷി പങ്കുവെച്ച ചിത്രത്തിൽ കാണാം. ഇത് അദ്ദേഹം ഫെയ്‌സ്ബുക്ക് കവർ ഫോട്ടോയുമാക്കിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എൽഡിഎഫ് പ്രഖ്യാപിച്ച മധ്യമേഖലാജാഥ ജോസ് കെ. മാണി നയിച്ചേക്കില്ലെന്നും സൂചനകൾ പുറത്ത് വരുന്നുണ്ട്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനമായതിനാൽ അതിൽ പങ്കെടുക്കണമെന്നതാണ് വിട്ടുനിൽക്കുന്നതിന് കാരണമായി പറയുന്നത്. പകരം ചീഫ് വിപ്പ് എൻ. ജയരാജിനെ ചുമതല ഏൽപ്പിക്കാമെന്ന നിർദേശമാണ് മുന്നോട്ടുവെച്ചത്. ജാഥയുടെ ഉദ്ഘാടന-സമാപന സമ്മേളനങ്ങളിൽ പങ്കെടുക്കാമെന്നും എന്നാൽ, ജാഥ ഉടനീളം നയിക്കാൻ ബുദ്ധിമുട്ടാണെന്നുമുള്ള നിലപാടിലാണ് നിലവിൽ അദ്ദേഹം. കഴിഞ്ഞ രണ്ടു ഇടതുമുന്നണി യോഗങ്ങളിലും ജോസ് കെ. മാണി പങ്കെടുത്തില്ല.
തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തിന്റെകൂടി പശ്ചാത്തലത്തിൽ കേരള കോൺഗ്രസ് എം ഇടതുമുന്നണി വിടുമെന്ന അഭ്യൂഹം ശക്തിപ്പെടുംവിധമാണ് ജോസ് കെ. മാണിയുടെ അസാന്നിധ്യം. സാധാരണ സിപിഎം, സിപിഐ നേതാക്കൾ നയിക്കുന്ന രണ്ടു ജാഥകളാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി നടത്തുക. ഇപ്രാവശ്യം മൂന്നുജാഥകളായി ക്രമീകരിച്ചതുതന്നെ ജോസ് കെ. മാണിയെക്കൂടി ക്യാപ്റ്റനാക്കാനും അതുവഴി കേരള കോൺഗ്രസിനെ മുന്നണിയിൽ ഉറപ്പിച്ചുനിർത്താനുമാണ്. എന്നാൽ അതിന്റെ ഭാഗമാകാനില്ലെന്ന ജോസിന്റെ നിലപാടിന് രാഷ്ട്രീയമാനങ്ങളേറെയാണ്.
അതേസമയം, ജോസ് കെ. മാണിയെ യുഡിഎഫിൽ എത്തിക്കാൻ കോൺഗ്രസ് ശ്രമം ആരംഭിച്ചെന്ന് റിപ്പോർട്ടുകളുണ്ട്. സോണിയാ ഗാന്ധിയും ജോസ് കെ. മാണിയും തമ്മിൽ ഫോണിൽ സംസാരിച്ചതായും ഇതിന് ഇടനിലക്കാരനായത് കെ.സി. വേണുഗോപാൽ ആണമെന്നുമാണ് വിവരം. മുസ്‌ലിം ലീഗിനും ജോസിന്റെ യുഡിഎഫിലേക്കുള്ള മടങ്ങിവരവിൽ എതിർപ്പില്ല. അതേസമയം, റോഷിയും പാർട്ടിയുടെ ചില എംഎൽഎമാർക്കും എൽഡിഎഫ് വിടുന്നതിനോട് താൽപര്യമില്ലെന്നാണ് സൂചന.അങ്ങിനെയെങ്കിൽ കേരള കോൺഗ്രസ് (മാണി ) വിഭാഗം പിളർന്ന് ഒരു വിഭാഗം യുഡി എഫിലേക്ക് ചാടുമെന്ന് ഉറപ്പാക്കാം
