KERALA
എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് സെക്രട്ടറിയുടെ വീടിനു നേരെ പെട്രോള്‍ ബോംബേറ്

തിരുവനന്തപുരം: എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് സെക്രട്ടറിയുടെ വീടിനു നേരെ പെട്രോള്‍ ബോംബേറ്. മലയിന്‍കീഴ് കുണ്ടമണ്‍കടവ് വട്ടവിള വിമല്‍ ഹൗസില്‍ വിപിന്‍ ദാസിന്റെ വീടിനു നേരെയായിരുന്നു അക്രമണം.
പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവമുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ലകള്‍ തകര്‍ന്നു. വിപിന്‍ വീട്ടിലുണ്ടായിരുന്നില്ല. അച്ഛന് ക്രിസ്തുദാസും അമ്മ ശാലിനിയും സഹോദരന് വിമല്ദാസുമാണ് വീട്ടിലുണ്ടായിരുന്നത്.
സ്ഫോടനശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. അക്രമികള്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. വീടിന്റെ മുന്നില്‍ പെട്രോള്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ ചിതറികിടപ്പുണ്ട്. വീടിനു നേരെ കല്ലേറും ഉണ്ടായിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജില്‍ എം.എ ഇസ്ലാമിക് ഹിസ്റ്ററിക്ക് പഠിക്കുകയാണ് വിപിന്‍ദാസ്.
യൂണിവേഴ്സിറ്റി കോളജിനു മുന്നില്‍ അടുത്തിടെ ബിജെപി ദേശീയ പ്രസിഡന്റ് തലസ്ഥാനത്തു വരുന്നതുമായി ബന്ധപ്പെട്ട് കൊടിനാട്ടാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ കോളേജിനു മുന്നില്‍ കൊടി നാട്ടാന്‍ വിദ്യാര്‍ഥികള്‍ സമ്മതിച്ചില്ല. എന്നാല്‍ ബിജെപി നേതാക്കള്‍ കൊടികെട്ടാന്‍ ശ്രമിച്ചു. തുടര്‍ന്ന് അവിടെ സംഘര്‍ഷം നടന്നിരുന്നു.
യൂണിറ്റ് സെക്രട്ടറി എന്ന നിലയില്‍ താന്‍ ബിജെപിയുടെ നീക്കം ചെറുക്കാന്‍ മുന്നില്‍ നിന്നിരുന്നതായും അതിന്റെ വൈരാഗ്യത്തിലാകാം ആക്രമണമെന്നും വിപിന്‍ പ്രതികരിച്ചു. മലയിന്‍കീഴ് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും പ്രതികളെ പിടിക്കാനും ശ്രമം തുടങ്ങിയതായി മലയിന്‍കീഴ് സി.ഐ അറിയിച്ചു.