KERALA
കെ. സുധാകരന്റെ പിന്നിലുള്ള ആര്‍എസ്എസിനെ ഭയന്നാണ് ചെന്നിത്തല നിലപാട് മാറ്റിയതെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ. സുധാകരന്റെ പിന്നിലുള്ള ആര്‍എസ്എസിനെ കണ്ടു ഭയന്നാണ് രമേശ് ചെന്നിത്തല നിലപാട് മാറ്റിയതെന്ന് ഡിവൈഎഫ്‌ഐ. ഇന്നേവരെ ബിജെപിക്കെതിരെ കെ. സുധാകരന്‍ ഒരക്ഷരം മിണ്ടിയതായി ആരെങ്കിലും കേട്ടിട്ടുണ്ടെങ്കില്‍ പറയണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ എ.എ. റഹീം പറഞ്ഞു. സംസ്ഥാന ഭാരവാഹികള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിനെ മാത്രം എതിര്‍ക്കുന്ന നേതാവ് എന്നതാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് സുധാകരനുള്ള യോഗ്യത. ബിജെപിക്ക് യോഗ്യനായ സിപിഎമ്മിനെ മാത്രം എതിര്‍ക്കുന്ന ഒരാളെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാന്‍ നടക്കുന്ന രാഷ്ട്രീയ നാടകമാണ് കേരളത്തില്‍ നടക്കുന്നത്.
സുധാകരനെ കോണ്‍ഗ്രസില്‍ തഴയാന്‍ നീക്കംനടക്കുന്നുവെന്ന് കെ. സുരേന്ദ്രന്‍ ആശങ്കപ്രകടിപ്പിച്ചിട്ടുണ്ട്. സുധാകരെ ഒരിക്കലും ബിജെപി തള്ളിപറയില്ല. സുധാകരന്റെ ആര്‍എസ്എസ് പിന്നണി ബന്ധത്തില്‍ നിസ്സാഹയനാണ് മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ളവര്‍. ഒരു മുറിയില്‍ കയറി മുല്ലപ്പള്ളി പൊട്ടിക്കരയണം.
പാവപ്പെട്ടവന്റെ ജീവിത നിലവാരം ഒരിക്കലും മെച്ചപ്പെടാന്‍ പാടില്ല എന്ന സംഘപരിവാരത്തിന്റെ യുക്തിയാണ് സുധാകരന്റേത്. ആര്‍എസ്എസിന്റെ പഠനശിബിരത്തില്‍ നിന്ന് ക്ലാസ് ലഭിച്ചതുകൊണ്ടാണ് ഇരുവരുടേയും യുക്തി ഒന്നാകുന്നതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. ദുരന്തങ്ങളും കലാപങ്ങളും കാത്ത് നില്‍ക്കുന്ന കൊള്ളസംഘമാണ് യൂത്ത് ലീഗെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറുഭാഗത്ത് പള്ളിയെ തട്ടിപ്പിനുള്ള മറയാക്കി മാറ്റുകയാണ് ഒരുവിഭാഗം. ഒരു രാഷ്ട്രീയ പാര്‍ട്ടി എങ്ങനെയാണ് പള്ളിമുറ്റത്ത് വച്ച് പിരിവ് ചോദിക്കുകയെന്ന് പറയണം. ഇരകള്‍ക്ക് വേണ്ടി പിരിച്ച ഫണ്ട് വക്കീലിന് കൊടുത്തു എന്നാണ് പറയുന്നത്. ഏത് വക്കീലിന് എങ്ങനെ കൊടുത്തുവെന്ന് പറയണം. എല്ലാത്തിനും രേഖകള്‍ ഹാജരാക്കുന്നു നേതാവ് ഇതിന്റെ രേഖകള്‍ എന്തുകൊണ്ട് പുറത്തുവിടില്ലെന്നും റഹീം ചോദിച്ചു.