Crime
വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന പരാതി നല്‍കാനാകില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന പരാതി നല്‍കാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ബി.വി. നഗരത്‌ന, ഉജ്വല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
ഛത്തീസ്ഗഡിലെ ഒരു അഭിഭാഷകനെതിരെ വനിതാ അഭിഭാഷക നല്‍കിയ പരാതിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.
തുടക്കം മുതല്‍ക്കേ ലൈംഗിക ബന്ധത്തിന് സമ്മതം നേടുക എന്ന ലക്ഷ്യത്തോടെ പ്രതി വിവാഹ വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കില്‍ മാത്രമേ ഐ.പി.സി സെക്ഷന്‍ 375 പ്രകാരമുള്ള കുറ്റകൃത്യം നിലനില്‍ക്കുള്ളുവെന്നും കോടതി പറഞ്ഞു.
യഥാര്‍ത്ഥ ബലാത്സംഗ കേസുകള്‍ തിരിച്ചറിയാന്‍ കോടതികള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവാഹ വാഗ്ദാനം നല്‍കിയാണ് അഭിഭാഷകന്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതെന്നും പിന്നീട് വഞ്ചിച്ചുവെന്നുമായിരുന്നു യുവതിയുടെ പരാതി.
എന്നാല്‍ ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസ് കോടതി റദ്ദാക്കി. യുവതിക്ക് അനുകൂലമായ ഛത്തീസ്ഗഡ് ഹൈക്കോടതിയുടെ വിധിയാണ് സുപ്രീം കോടതി റദ്ദ് ചെയ്തത്.
1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെഷൻ അഞ്ചിലെ ഒന്നാം ഉപവകുപ്പ് പ്രകാരം, ഒരു വിവാഹബന്ധം നിലനില്‍ക്കുമ്പോള്‍ ഒരാള്‍ക്ക് മറ്റൊരു വിവാഹം ചെയ്യാനാകില്ല. അതുകൊണ്ട് തന്നെ മറ്റൊരാളുമായുള്ള ലൈംഗികബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന് പരാതിപ്പെടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
വിവാഹമോചന ഹരജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് അഭിഭാഷക പരാതിക്കാരനുമായി സ്‌നേഹബന്ധത്തിലായത്. 2022 സെപ്റ്റംബര്‍ മുതല്‍ അഭിഭാഷകനുമായി ബന്ധമുണ്ടായിരുന്നു എന്നാണ് യുവതി പറയുന്നത്.
2025 ജനുവരി വരെ ഈ ബന്ധം തുടര്‍ന്നുവെന്നും ഇതിനിടെ താന്‍ ഗര്‍ഭിണിയായെന്നും ഗര്‍ഭഛിദ്രത്തിന് വിധേയയായെന്നുമാണ് യുവതിയുടെ വാദം. ഇതിന് പിന്നാലെയാണ് യുവാവിനെതിരെ അഭിഭാഷക പരാതി നല്‍കിയത്.
സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധി കേരളത്തിലെ ഉൾപ്പെടെ വിവാദമായ പല പരാതികൾക്കും തിരിച്ചടിയാകും . രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ക്കെതിരെ നൽകിയ പരാതിയുടെ നിലനിൽപ്പ് പോലും ഈ വിധിയുടെ അടിസ്ഥാനത്തിൽ ഇനി കണ്ടറിയേണ്ടതാണ്.
