Crime
കൂടത്തായി കേസ്; ജോളിയുടെ ജാമ്യം സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിയുടെ ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു. അന്നമ്മ വധക്കേസിൽ ഹൈക്കോടി നൽകിയ ജാമ്യമാണ് സ്റ്റേ ചെയ്തത്. ജോളിക്ക് ജാമ്യം നൽകിയത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹർജിയിൽ ജോളിക്ക് കോടതി നോട്ടീസയച്ചു. ജസ്റ്റിസുമാരായ മോഹന ശാന്തനാ ഗൗഡർ, വിനീത് ശരൺ എന്നിവരടങ്ങിയ ബെഞ്ച് ആണ് ജാമ്യം സ്റ്റേ ചെയ്തത്.ആറ് കേസുകളും പരസ്‍പരം ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ഒരു കേസില്‍ ജാമ്യം അനുവദിച്ചാല്‍ പോലും കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. 2019 ഒക്ടോബർ നാലിനാണ് ഒരു കുടുബത്തിലെ ആറ് മരണങ്ങളിലെ ദുരൂഹതയുടെ കാരണം തേടി അന്വേഷണ സംഘം കല്ലറകള്‍ തുറന്നത്.കോടഞ്ചേരി സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ അടക്കം ചെയ്ത സിലി, മകൾ ആൽഫൈൻ, കൂടത്തായി ലൂർദ്ദ് മാത പള്ളി സെമിത്തേരിയിൽ അടക്കം ചെയ്ത പൊന്നാമറ്റം വീട്ടിൽ ടോം മാത്യു, ഭാര്യ അന്നമ്മ, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യു എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് ഒക്ടോബർ നാലിന് പുറത്തെടുത്തത്. ഇതോടെയാണ് ആറ് മരണവും കൊലപാതകമാണെന്ന് കണ്ടെത്തിയത്.