Entertainment
ഓസ്‌കാർ : മികച്ച നടനുള്ള പുരസ്‌കാരം മൈക്കിൽ ബി ജോർദാൻ സ്വന്തമാക്കി
ലോസാഞ്ചലസ്: 98-ാമത് ഓസ്‌കാർ പുരസ്‌കാര നിശയിൽ മികച്ച നടനുള്ള പുരസ്‌കാരം ‘സിന്നേഴ്‌സ്’ ലെ അഭിനയത്തിന് മൈക്കിൽ ബി ജോർദാൻ സ്വന്തമാക്കി. മികച്ച സംവിധായകൻ, മികച്ച ചിത്രം അടക്കം പുരസ്‌കാരങ്ങൾ പോൾ തോമസ് ആൻഡേഴ്‌സണിന്റെ ലിയനാർഡോ ഡി കാപ്രിയോ നായകനായ ചിത്രം ‘വൺ ബാറ്റിൽ ആഫ്‌റ്റർ അനദർ’ സ്വന്തമാക്കി. ആറ് പുരസ്‌കാരങ്ങളാണ് ഇതടക്കം ചിത്രം നേടിയത്.ഹാംനെറ്റിലൂടെ ജെസി ബക്‌ലി മികച്ച നടിയായി. സിന്നേഴ്‌സിലെ ഛായാഗ്രഹണത്തിന് പുരസ്‌കാരം നേടിയ ഓട്ടം ഡ്യൂറൾഡ് അർകപോ ഓസ്‌കാർ നേടുന്ന ആദ്യ കറുത്ത വർഗക്കാരിയായി. സിന്നേഴ്‌സിന് മികച്ച നടൻ, ക്യാമറ, മ്യൂസിക് സ്‌കോർ എന്നിവയടക്കം നാല് പുരസ്‌കാരങ്ങളാണ് ലഭിച്ചത്.വൺ ബാറ്റിൽ ആഫ്‌റ്റർ അനദറിനാണ് മികച്ച അവലംബിത തിരക്കഥയ്‌ക്ക് പുരസ്‌കാരം ലഭിച്ചത്. ഇന്ത്യൻ സിനിമ ഇതിഹാസങ്ങളായ ധർമ്മേന്ദ്ര, മനോജ് കുമാർ, ബി സരോജ ദേവി, കോട്ട ശ്രീനിവാസ റാവു എന്നിവർക്ക് ഓസ്‌കാറിൽ ആദരാഞ്ജലികൾ അർപ്പിച്ചു. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ജെസി ബക്‌ലി ഈ പുരസ്‌കാരം നേടുന്ന ആദ്യ ഐറിസ് താരമായി.
കൊമേഡിയൻ കൊനൊൻ ഒബ്രയാൻ നയിച്ച നിശയിൽ മികച്ച സഹനടനുള്ള പുരസ്‌കാരം വൺ ബാറ്റിൽ ആഫ്‌റ്റർ അനദറിലെ അഭിനയത്തിന് ഷോൺ പെൻ നേടി. എന്നാൽ അദ്ദേഹം പുരസ്‌കാരം വാങ്ങാനെത്തിയില്ല. ഗോൾഡൻ ഗ്‌ളോബ് പുരസ്‌കാരത്തിൽ നിന്നും താരം വിട്ടുനിന്നിരുന്നു. വെപ്പൺസിലെ അഭിനയത്തിന് എയ്മി മാഡിഗൻ മികച്ച സഹനടിയായി. കോസ്റ്റ്യൂം, മേക്കപ്പ് എന്നിങ്ങനെ രണ്ടെണ്ണത്തിനാണ് ഫ്രാങ്കെയ്സ്റ്റിന് പുരസ്‌കാരം ലഭിച്ചത്. മികച്ച അവലംബിത തിരക്കഥയ്ക്ക് പോൾ തോമസ് ആൻഡേഴ്സണും മികച്ച കാസ്റ്റിംഗിന് കസാന്ദ്ര കുലുകുന്ദിസും വഴി വൺ ബാറ്റിൽ ആഫ‌്റ്റർ അനദറിന് പുരസ്‌കാരങ്ങൾ ലഭിച്ചു”
