International
ഇറാഖിൽ അമേരിക്കൻ സൈനിക വിമാനം തകർന്നുവീണു.
ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കൻ സൈനിക വിമാനം തകർന്നുവീണു. ആക്രമണത്തിൽ അല്ല വിമാനം തകർന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനെതിരായ ഓപ്പറേഷൻ എപ്പിക് ഫ്യൂറി സൈനിക നീക്കത്തിന്റെ ഭാഗമായ, ഇന്ധനം നിറയ്ക്കുന്ന കെസി-135 സൈനിക വിമാനമാണ് തകർന്നുവീണത്. രക്ഷാപ്രവർത്തനം ആരംഭിച്ചെന്ന് അമേരിക്ക അറിയിച്ചു. ഒരു വിമാനം പടിഞ്ഞാറൻ ഇറാഖിൽ തകർന്നുവീണു, രണ്ടാമത്തേത് സുരക്ഷിതമായി ലാൻഡ് ചെയ്തു എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്. വിമാനം തകർന്നു വീണതിന്‍റെ കാരണം വ്യക്തമായിട്ടില്ല. ഇറാനുമായുള്ള യുദ്ധം തുടങ്ങിയ ശേഷം അമേരിക്കയ്ക്ക് നഷ്ടമായ നാലാമത്തെ വിമാനമാണിത്. നേരത്തെ മൂന്ന് എഫ്-15 വിമാനങ്ങളാണ് തകർന്നത്.
60 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കെസി-135 വിമാനങ്ങളിൽ സാധാരണയായി മൂന്ന് പേരാണ് ഉണ്ടാവുക. പൈലറ്റ്, കോപൈലറ്റ്, മറ്റ് വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന ബൂം പ്രവർത്തിപ്പിക്കുന്ന മൂന്നാമത്തെയാൾ എന്നിവരാണെന്ന് യുഎസ് വ്യോമസേന പറയുന്നു. എന്നാൽ ചില കെസി-135 ദൗത്യങ്ങൾക്ക് നാവിഗേറ്റർ ആവശ്യമാണ്, കൂടാതെ വിമാനത്തിന് 37 പേരെ വഹിക്കാനും കഴിയും.
അതേസമയം ഗൾഫ് മേഖലയിലേക്ക് ഇറാന്റെ ആക്രമണം തുടരുകയാണ്. ഒമാനിൽ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം നടന്നു. ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തി. അറേബ്യൻ ഗൾഫിലും ഹോർമൂസ് കടലിടുക്കിലും ഒമാൻ കടലിലും സാഹചര്യം അതീവ ഗുരുതരമെന്ന് യു.കെ വെളിപ്പെടുത്തി
