Connect with us

KERALA

വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Published

on

തൃശ്ശൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശുദ്ധ അസംബന്ധം പറയാൻ ഒരു മടിയും വി.ഡി. സതീശനും ഇല്ലെന്ന് കാണിക്കുന്നതാണ് അദ്ദേഹത്തിന്റെ ആരോപണമെന്ന് മുഖ്യമന്ത്രി തൃശ്ശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

1977-ലെ കണ്ണൂരിലെ സ്ഥിതി എന്താണെന്ന് അന്വേഷിച്ചു നോക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരായിരുന്നു അവിടെ ആർഎസ്എസിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്നത് എന്ന്. അക്കാലത്താണല്ലോ ഇവരുടെ മുൻ പ്രസിഡന്റ് പിന്നീട് വെളിപ്പെടുത്തിയത്, താനാണ് ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയതെന്നും അതിന് ആളുകളെ അയച്ചതെന്നും. അത് മാർക്‌സിസ്റ്റുകാരിൽനിന്ന് സംരക്ഷണം കൊടുക്കാൻ വേണ്ടിയായിരുന്നു എന്നൊക്കെ പറഞ്ഞത് ഇദ്ദേഹമൊക്കെ കൂടി പ്രസിഡന്റ് ആക്കിയ ആളായിരുന്നല്ലോ. അതായിരുന്നു കണ്ണൂരിന്റെ അവസ്ഥയെന്ന് കെ. സുധാകരനെ പരോക്ഷമായി പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുമ്പോൾ തന്നെ ആർഎസ്എസ് എന്നെ എങ്ങനെയാണ് കണ്ടിട്ടുള്ളതെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരുടെ ആക്രമണം ഏതുഘട്ടത്തിലും വരാമെന്ന നില ഉണ്ടായിരുന്നുവെന്ന് അന്ന് കണ്ണൂരിലുണ്ടായിരുന്ന എല്ലാവർക്കും അറിയാം. അതിലെ ആക്രമണത്തിന്റെ ടാർഗറ്റിലൊന്ന് താൻ ആയിരുന്നു. അതായിരുന്നു കാലം. ഇപ്പോൾ കുറച്ച ദശാബ്ദം കഴിഞ്ഞതുകൊണ്ട് എന്ത് നുണയും അവതരിപ്പിക്കാം. നുണയാണല്ലോ ഇപ്പോൾ പ്രധാനമായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് എന്ത് നുണയും പറയാം എന്ന നിലയാണ് വന്നുചേരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇഎംഎസ് കേരളത്തിന്റെ പൊതുവായ ജനസമ്മതനല്ലേ. എന്നാൽ, അദ്ദേഹത്തെ പട്ടാമ്പിയിൽ തോൽപിക്കാൻ കോൺഗ്രസ് ആരുമായാണ് ബന്ധപ്പെട്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. അതിനുവേണ്ടി അവിടുത്തെ കോൺഗ്രസ് ബന്ധപ്പെട്ടതിന്റെ ഭാഗമായല്ലേ സ്ഥാനാർഥിയെ ജനസംഘം പിൻവലിച്ചത്. പിൻവലിക്കുക മാത്രമാണോ ഇഎംഎസിനെതിരേ പ്രകടനം നടത്താൻവേണ്ടി ആ കാലത്ത് ജനസംഘത്തിന്റെ അഖിലേന്ത്യാ നേതാവായിരുന്ന ദീൻദയാൽ ഉപാധ്യായ വന്നില്ലേ. അത് ചരിത്രമല്ലേ, മുഖ്യമന്ത്രി ആരാഞ്ഞു.

പിന്നീട് പാലക്കാട്ട് എകെജി മത്സരിച്ചപ്പോൾ കോൺഗ്രസിനും ആർഎസ്എസിനും കൂടെ ഒരു സ്ഥാനാർഥിയായിരുന്നു. രണ്ട് കൂട്ടർക്കും കൂടി ഒരു സ്ഥാനാർഥി. ആർഎസ്എസിന്റെ ജില്ലാ കാര്യവാഹക് ആയിരുന്നു ആ സ്ഥാനാർഥി. ഇങ്ങനെ നാണംകെട്ട ഒരുപാട് കാര്യങ്ങൾ ചെയ്തവർ, അക്കാലത്തും പിന്നീടും ഇക്കാലത്തും നാളെയും വർഗീയതയ്‌ക്കെതിരേ ഉറച്ച നിലപാട് എടുക്കുന്ന സിപിഎമ്മിനും ഇടതുപക്ഷത്തിനും എൽഡിഎഫിനുമെതിരേ പ്രചാരണം നടത്തിയാൽ ചെലവാകുന്ന കാര്യമാണോ. ഞങ്ങൾക്ക് ആ പണിയില്ല. ഞാൻ സാധാരണ പറയാറുള്ള ഒരു വാചകം വീണ്ടും പറയുകയാണ്. ചില്ലറ വോട്ടിനും നാല് സീറ്റിനും വേണ്ടി രാഷ്ട്രീയചെറ്റത്തരം കാണിക്കുന്ന പതിവ് ഞങ്ങൾക്കില്ലെന്നും പിണറായി പറഞ്ഞു.

Continue Reading