KERALA
പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ മൃതദേഹങ്ങൾ പൊതുദര്‍ശനത്തിന് വെച്ചു
പൊള്ളാച്ചി: വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒമ്പതുപേരുടെയും പോസ്റ്റ്‌മോർട്ടം പൊള്ളാച്ചി ആശുപത്രിയിൽ പൂർത്തിയാക്കി. രാവിലെ 6.15ഓടെ പൊള്ളാച്ചിയിൽ നിന്ന് മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ മലപ്പുറത്തേക്ക് പുറപ്പെട്ടു. ഒമ്പത് ആംബുലന്‍സുകളും ഒരുമിച്ചാണ് പൊള്ളാച്ചിയിൽ നിന്ന് പുറപ്പെട്ടത്. തുടർന്ന് ജന്മ നാട്ടിൽ എത്തി മൃതദേഹങ്ങൾ സ്കൂളിൽ പൊതു ദർശത്തിന് വെച്ചിരിക്കയാണ്.
9.30 മുതൽ മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ മൃതദേഹങ്ങൾ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. പൊതുദര്‍ശനത്തിനുശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഇന്നലെ അര്‍ദ്ധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് പൂര്‍ത്തിയായത്.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ ഇന്നലെ വൈകുന്നേരം 5.20നാണ് വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. കാഴ്ചകൾ കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒമ്പതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം. പെരിന്തൽമണ്ണയിൽ നിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ 13പേർ യാത്ര പോയത്.
ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒമ്പതുപേരാണ് അപകടത്തിൽ മരിച്ചത്.
പള്ളിപ്പറമ്പ് ഗവ.എൽപി സ്‌കൂളിലെ പ്രധാനാദ്ധ്യാപിക പി അജിത (54), അദ്ധ്യാപികമാരായ റംലത്ത് (52), സുഹറ (43), ആശ (41), അദ്ധ്യാപകനായ അബ്ദുൽ മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ (39), സ്‌കൂളിലെ പാചക തൊഴിലാളി സാജിത (45), സുഹറയുടെ മകൻ ഹിഷാം (12), സമീപത്തെ സ്‌കൂളായ ജിയുപിയിലെ അദ്ധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചത്. കാഴ്ച പരിമിതിയുള്ള അബ്ദുൽ മജീദിന് കൂട്ടുപോയതായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ റുഖിയ. ഷക്കീന അടുത്തിടെയാണ് എൽപി സ്‌കൂളിൽ നിന്ന് യുപി സ്കൂളിലേക്ക് മാറിയത്. താൻ ഏറെനാൾ ജോലി ചെയ്‌ത സ്‌കൂളിലെ വിനോദയാത്രയിൽ അവർ ഒപ്പം കൂടുകയായിരുന്നു.പൊതുദര്‍ശനത്തിനുശേഷം വ്യത്യസ്ത മഹല്ലുകളിലെ ഖബർസ്ഥാനിലാണ് ഖബറടക്കം നടക്കുക. മാട്ടാത്ത് മഹല്ലിൽ മജീദ്, റുഖിയ എന്നിവരെ ഖബറടക്കും. പാങ്ങ് ജുമാ മസ്ജിദ് ഖബ്ർ സ്ഥാനിൽ റംല, സാജിദ, ഷക്കീല എന്നിവരെ ഖബറടക്കും. ഈസ്റ്റ് പാങ് മസ്ജിദ് ഖബ്ർ സ്ഥാനിൽ സുഹറ, മകൻ ഹിഷാം എന്നിവരെ ഖബറടക്കും. പൊതുദര്‍ശനത്തിനുശേഷം അജിതയുടെ മൃതദേഹം പുലാമന്തോളിലെ വീട്ടിലേക്കും, ആശയുടെ മൃതദേഹം കൊളത്തൂരിലെ വീട്ടിലേക്കും കൊണ്ടു പോകും
