Connect with us

Business

തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെട്രോൾ, ഡീസൽ വിലയിൽ വൻ വർധന ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്

Published

on

ന്യൂഡൽഹി: രാജ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെട്രോൾ, ഡീസൽ വിലയിൽ വൻ വർധന ഉണ്ടായേക്കുമെന്ന് സാമ്പത്തിക വിശകലന ഏജൻസിയായ കോട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് മുന്നറിയിപ്പ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ, ലിറ്ററിന് 25 മുതൽ 28 രൂപ വരെ വില വർദ്ധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രാഷ്ട്രീയ കാരണങ്ങളാൽ നിലവിൽ റീട്ടെയിൽ വിലയിൽ മാറ്റംവരുത്തിയിട്ടില്ലെങ്കിലും എണ്ണ ശുദ്ധീകരണ കമ്പനികൾ നേരിടുന്ന വൻ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ഇന്ധനവില കുതിച്ചുയരാൻ സാധ്യതയുണ്ട്.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കത്തിലുണ്ടായ തടസ്സങ്ങളും കാരണം ആഗോള ക്രൂഡ് ഓയിൽ വിതരണത്തിൽ വലിയ അസ്ഥിരത നേരിടുന്നുണ്ട്. ഇന്ത്യയുടെ എണ്ണ ഇറക്കുമതി അളവിൽ 13-15% കുറവുണ്ടായിട്ടും അന്താരാഷ്ട്ര വിപണിയിലെ വില വർധനവ് കാരണം പ്രതിദിന ഇറക്കുമതി ചെലവ് ഏകദേശം 190 മുതൽ 210 ദശലക്ഷം ഡോളർ വരെ വർധിച്ചതായാണ് റിപ്പോർട്ടുകൾ.

റീട്ടെയിൽ വിലയിൽ മാറ്റംവരുത്താത്തത് മൂലം എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 270 ബില്യൺ രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ട്. എക്സൈസ് ഡ്യൂട്ടി കുറച്ചതുൾപ്പെടെയുള്ള സർക്കാർ നടപടികൾ ഈ പ്രതിസന്ധിക്ക് ഭാഗികമായ ആശ്വാസം മാത്രമേ നൽകുന്നുള്ളൂ.

തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-നാണ് നിശ്ചയിച്ചിരിക്കുന്നത്, അതിനാൽ വില പരിഷ്കരണം ഇതിനുശേഷം മാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളൂ. ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളർ നിലവാരത്തിൽ തുടരുകയാണെങ്കിൽ ലിറ്ററിന് 28 രൂപ വരെ വർദ്ധനവ് അനിവാര്യമാണെങ്കിലും  പണപ്പെരുപ്പവും ജനരോഷവും ഭയന്ന് സർക്കാർ ഈ വർദ്ധനവ് ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് സാധ്യത.

അതേസമയം, പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടാകുമെന്ന റിപ്പോർട്ടുകൾ കേന്ദ്ര സർക്കാർ തള്ളി. ഇന്ധന വിലവർധന സംബന്ധിച്ച് സർക്കാരിനു മുന്നിൽ ചർച്ചകളൊന്നും ഇല്ലെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാനമില്ലാത്തതാണെന്നും മന്ത്രാലയം അറിയിച്ചു

Continue Reading