KERALA
മേജര്‍ രവി കോണ്‍ഗ്രസിലേക്ക് ! സംവീധായകനും നടനുമായ മേജര്‍ രവിയെ പാര്‍ട്ടിയിലെത്തിച്ച് ബിജെപിയെ ഞെട്ടിക്കാന്‍ കോണ്‍ഗ്രസിന്റെ നീക്കം

കൊച്ചി: ബിജെപി ബന്ധം അവസാനിപ്പിച്ച് നടനും സംവീധായകനുമായ മേജര്‍ രവി കോണ്‍ഗ്രസിലേക്ക്. മേജര്‍ രവിയുമായി കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയതോടെയാണ് ഇത്തരമൊരു സൂചനകള്‍ പുറത്തുവരുന്നത്.
കെപിസിസി പ്രസിഡന്റിന്റെ സന്ദര്‍ശനം വ്യക്തിപരമാണെന്നു വിശദീകരിക്കുമ്പോഴും തെരഞ്ഞെടുപ്പിന് മുന്നോടിയായിതന്നെ ബോധപൂര്‍വമായി പോയതാണെന്നാണ് ലഭിക്കുന്ന വിവരം. മേജര്‍ രവി കഴിഞ്ഞ കുറച്ചു നാളുകളായി ബിജെപിയില്‍ നിന്നും അകന്നു നില്‍ക്കുകയാണ്.
ഈ സാഹചര്യം മുതലെടുത്ത് അദ്ദേഹത്തെ പാര്‍ട്ടിയില്‍ എത്തിക്കാനും വേണമെങ്കില്‍ സ്ഥാനാര്‍ത്ഥിയാക്കാനുമാണ് പാര്‍ട്ടി ആലോചിക്കുന്നത്. അങ്ങനെ വന്നാല്‍ നേമം മേജര്‍ രവിക്കായി വിട്ടു നല്‍കാനാണ് ആലോചന.
മേജര്‍ രവി കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ അതു ദേശീയ തലത്തിലും കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് നേതൃത്വം വിലയിരുത്തുന്നുണ്ട്. ഈ വിധമുള്ള ചര്‍ച്ചകള്‍ തുടരുന്നതായാണ് കോണ്‍ഗ്രസിനോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കഴിഞ്ഞ ദിവസം ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി കൊച്ചിയിലെത്തിയപ്പോഴാണ് മുല്ലപ്പള്ളി മേജര്‍ രവിയെ സന്ദര്‍ശിച്ചത്. അരമണിക്കൂറിലേറെ നീണ്ടു നിന്ന കൂടിക്കാഴ്ച വ്യക്തിപരമായിരുന്നെന്നാണ് ഇരുവരും വ്യക്തമാക്കിയത്.