Connect with us

Crime

വിതുര പീഡനക്കേസിലെ മുഖ്യപ്രതിക്ക് 24 വർഷം തടവ്, 1,​09,000 രൂപ പിഴ

Published

on

കോട്ടയം: വിതുര പീഡനക്കേസിൽ ഒന്നാം പ്രതി കൊല്ലം ജുബൈറ മൻസിലിൽ സുരേഷിന് (ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാൻ -52) 24 വർഷം കഠിന തടവ്. ഇതിൽ 10 വർഷം കഠിനതടവ് അനുഭവിച്ചാൽ മതി. കൂടാതെ 1,​09,000 രൂപ പിഴയും കോടതി വിധിച്ചു. പ്രത്യേക കോടതി ജഡ്ജി ജോൺസൺ ജോണാണ് വിധി പ്രസ്താവിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും പലർക്കായി കൈമാറുകയും ചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. പ്രതി പെൺകുട്ടിയെ തടങ്കലിൽ വയ്‌ക്കുകയും മറ്റുള്ളവർക്ക് പീഡിപ്പിക്കാൻ അവസരമൊരുക്കി കൊടുക്കുകയും ചെയ്തു. പീഡിപ്പിക്കാൻ സൗകര്യം ഒരുക്കാൻ സുരേഷ് പ്രത്യേകകേന്ദ്രം നടത്തിയെന്നും കോടതി കണ്ടെത്തി.

അകന്ന ബന്ധുവായ അജിത ബീഗം എന്ന സ്ത്രീയാണ് ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ സുരേഷിന് കൈമാറിയത്. അന്ന് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. 1995 നവംബർ 21നാണ് അജിത പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോന്നത്. 1996 ജൂലായ് 9 വരെ ഒൻപത് മാസക്കാലം കേരളത്തിനകത്തും പുറത്തുമായി കൊണ്ടുപോയി പെൺകുട്ടിയെ പലർക്കും കാഴ്ചവച്ചു. കേസ് അന്വേഷണത്തിനിടയിൽ അജിത ബീഗം വാഹനാപകടത്തിൽ മരണപ്പെട്ടു.ജൂലായ് 16ന് പെൺകുട്ടിയെ കേസിലെ പ്രതികളിലൊരാളായ സണ്ണി എന്നയാൾക്കൊപ്പം എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയിരുന്നു. ഇതോടെയാണ് ഒൻപത് മാസങ്ങൾ നീണ്ട പീഡനപരമ്പരകളെക്കുറിച്ച് പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതോടെയാണ് സമൂഹത്തിലെ ഉന്നതർ ഉൾപ്പെടെയുള്ളവർ അകപ്പെട്ട വിതുര കേസ് പുകമറ നീക്കി പുറത്തായത്.ആകെ 24 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. രണ്ട് ഘട്ടങ്ങളിലായി നടന്ന വിചാരണയിൽ 36 പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ പ്രധാന പ്രതിയായ സുരേഷ് ഒളിവിലായതിനാൽ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടതോടെ തനിക്കും ശിക്ഷ ലഭിക്കില്ലെന്ന് കരുതി 18 വർഷത്തിനുശേഷം കോടതിയിൽ ഇയാൾ കീഴടങ്ങുകയായിരുന്നു. 18 വർഷക്കാലം മറ്റ് സംസ്ഥാനങ്ങളിലായാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.മൂന്നാം ഘട്ട വിചാരണ നടക്കുന്നതിനിടയിൽ സുരേഷിനെ പെൺകുട്ടി തിരിച്ചറിഞ്ഞു. പ്രതിക്കെതിരെ ശക്തമായ മൊഴി നല്കുകയും ചെയ്തു. പൊലീസ് രജിസ്റ്റർ ചെയ്ത 24 കേസുകളിലും സുരേഷ് ഒന്നാം പ്രതിയാണ്. പ്രോസിക്യൂഷനുവേണ്ടി രാജഗോപാൽ പടിപ്പുര കോടതിയിൽ ഹാജരായി.

Continue Reading