Connect with us

KERALA

ഹൈക്കമാൻഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി രമേശ് ചെന്നിത്തല

Published

on

ഗുരുവായൂർ: വി.ഡി. സതീശനെ പുതിയ ദൗത്യത്തിലേക്ക് നിയോഗിച്ച കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സതീശന് തന്റെ എല്ലാവിധ ആശംസകളും പൂർണ്ണ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തു വർഷത്തെ ദുർഭരണത്തിൽ നിന്ന് കേരളത്തിലെ ജനങ്ങളെ മോചിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഈ ഗവൺമെന്റിനുള്ളതെന്നും അതിന് ജനങ്ങളുടെ പരിപൂർണ്ണ പിന്തുണയുണ്ടാകുമെന്ന് താൻ വിശ്വസിക്കുന്നതായും ചെന്നിത്തല കൂട്ടിച്ചേർത്തു. പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകണം എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയിൽ ചേരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പാർട്ടി തനിക്ക് അർഹിച്ച പരിഗണന നൽകുകയാണെങ്കിൽ അതിനോടൊപ്പം ചേർന്ന് മുന്നോട്ട് പോകുമെന്ന സൂചനയാണ് ചെന്നിത്തലയുടെ പ്രതികരത്തിൽ നിന്ന് വ്യക്തമാകുന്നത്. എല്ലാ മലയാള മാസം ഒന്നാം തീയതിയും ദർശനം നടത്താറുള്ള അദ്ദേഹം ഇന്നലെ രാത്രി 11 മണിയോടെയാണ് ഗുരുവായൂരിലെത്തിയത്. ഇന്ന് പുലർച്ചെ നിർമ്മാല്യം തൊഴുത ശേഷം മൂന്നരയോടെ ക്ഷേത്ര ദർശനം പൂർത്തിയാക്കി അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി

Continue Reading