Crime
ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’: എസ്‌ഐടി റിപ്പോർട്ട് ഡിജിപിക്ക് ഇന്ന് സമർപ്പിക്കും
നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ എസ്‌ഐടിയുടെ റിപ്പോർട്ട് ഡിജിപിക്ക് ഇന്ന് സമർപ്പിക്കും. എസ് പി ഷൗക്കത്ത് അലിയാണ് റിപ്പോർട്ട് നൽകുക. സംഭവത്തെക്കുറിച്ച് ആദ്യം തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട്, അന്നത്തെ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ഭീഷണിപ്പെടുത്തി തിരുത്തിയത് അന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലെ രണ്ട് എസ് ഐമാരായിരുന്നുവെന്ന് കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർ എസ്‌ഐടിക്ക് മൊഴി നൽകിയിട്ടുണ്ട്. ഒരു എസ്‌ഐയും ഒരു ഗ്രേഡ് എസ് ഐയുമാണ് ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയതെന്നാണ് മൊഴി. തിരുത്തിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനും ഇതിന്റെ നമ്പർ അറിയിക്കാനും ഇവർ നിർദ്ദേശിച്ചു.
അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ തലസ്ഥാനത്ത് കുഴഞ്ഞുവീണെന്നും സൂചനയുണ്ട്. ഇതിന്റെ ആശുപത്രി രേഖകളുൾപ്പെടെ ശേഖരിച്ച് ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കലിലും എ.ഡി.ജി.പിയെയും ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് മുൻ ഡിവൈ.എസ്.പി സുനിൽ രാജിനെയും പ്രതിചേർക്കാൻ കഴിയുമെന്ന് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം. ഐ.പി.എസ് ഉദ്യോഗസ്ഥനായതിനാൽ എ.ഡി.ജി.പിയെ പ്രതിചേർക്കാൻ മന്ത്രിസഭയുടെ അനുമതി വേണം. അദ്ദേഹത്തെ പ്രതിയാക്കിയാൽ കേസ് ഡയറി തിരുത്തിയ ഡിവൈ.എസ്.പിയെ മാപ്പുസാക്ഷിയാക്കി കേസ് കടുപ്പിക്കുമെന്നാണ് സൂചന.മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരായിരുന്ന അനിൽകുമാർ, സന്ദീപ്,ഷൈജു, വിപിൻ, അരുൺ എന്നിവരാണ് പ്രതികൾ. നവകേരള ബസിനു നേരെ പ്രതിഷേധിച്ച ഇപ്പോൾ ആലപ്പുഴ എംഎൽഎയായ യൂത്ത് കോൺഗ്രസ് നേതാവ് എ.ഡി. തോമസ്, മറ്റൊരു നേതാവ് അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരെ തലയ്ക്കടിക്കുകയും തല്ലിച്ചതയ്ക്കുകയും ചെയ്ത കേസിലാണ് നടപടി
