HEALTH
തലശ്ശേരി സി എച് സെന്റർ ; ശിലാസ്ഥാപനം ഞായറാഴ്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും

തലശ്ശേരി : ആരാലും പരിചരിക്കാനാളില്ലാതെ പ്രയാസപ്പെടുന്ന രോഗികൾക്ക് ആശ്രയമായി തലശ്ശേരിയിൽ പ്രവർത്തിച്ചു വരുന്ന തലശ്ശേരി സി എച് സെന്ററിന് വേണ്ടി പുന്നോലിൽ സ്വന്തമാക്കിയ ഒരേക്കറോളം വരുന്ന സ്ഥലത്തു നിർമ്മിക്കുന്ന തലശ്ശേരി സി എച് സെന്ററിന് ഫെബ്രുവരി ഇരുപത്തിയൊന്നിന് ഞായറാഴ്ച രാവിലെ 11 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപന കർമം നിർവ്വഹിക്കും.
സാന്ത്വന കേന്ദ്രം, ഓട്ടിസം ബാധിച്ച കുട്ടികൾക്കുള്ള സ്പെഷ്യൽ സ്കൂൾ, ഫിസിയോ തെറാപ്പി സെന്റർ, റീഹാബിലിറ്റേഷൻ സെന്റർ, പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രം, മെഡിക്കൽ ലാബ് അടക്കമുള്ള വിപുലമായ കാരുണ്യ കേന്ദ്രം ആണ് പുന്നോലിലുള്ള പി എ റഹിമാൻ മേഴ്‌സി വില്ലേജിൽ ആരംഭിക്കുന്നത്.
ആദ്യ ഘട്ടത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടിയുള്ള സാന്ത്വന കേന്ദ്രവും പെയിൻ & പാലിയേറ്റീവ് കേന്ദ്രവും ഉൾകൊള്ളുന്ന കെട്ടിടമാണ് നിർമിക്കുക. നിർമ്മാണം പൂർത്തിയാവുന്നതോടെ തലശ്ശേരി നെട്ടൂരിൽ ഇപ്പോൾ പ്രവർത്തിച്ചു വരുന്ന പുരുഷന്മാർക്കായുള്ള സാന്ത്വന കേന്ദ്രം പുതിയ കെട്ടിടത്തിലേക് മാറും അതോടൊപ്പം സ്ത്രീകൾക്ക് കൂടി പരിചരണം കൊടുക്കാനും പുതിയ ആസ്ഥാന മന്ദിരത്തിൽ സൗകര്യം ഏർപ്പെടുത്തും.
സാമൂഹ്യ രാഷ്ട്രീയ വ്യവസായ രംഗത്തെ പ്രമുഖനായ സൈനുൽ ആബിദീൻ ചെയർമാനും പാർക്കോ ഗ്രൂപ്പ് ചെയർമാൻ പി പി അബൂബക്കർ സീനിയർ വൈസ് ചെയർമാനും, അഡ്വ കെ എ ലത്തീഫ് സെക്രട്ടറിയും അഡ്വ പി വി സൈനുദ്ദീൻ ട്രെഷററും തലശ്ശേരിയിലെ വിദഗ്ധ ഡോക്ടർമാരും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും അടങ്ങിയ കമ്മിറ്റിയാണ് തലശ്ശേരി സി എച് സെന്ററിന് നേതൃത്വം കൊടുക്കുന്നത്.