Connect with us

KERALA

തെരഞ്ഞെടുപ്പിന് ആസന്നമായിരിക്കെ കോന്നി കോണ്‍ഗ്രസില്‍ തമ്മിലടി

Published

on

കോന്നി: നിയമസഭാ തെരഞ്ഞെടുപ്പിന് ആസന്നമായിരിക്കെ കോന്നിയില്‍ കോണ്‍ഗ്രസില്‍ തമ്മിലടി മുറുകുന്നു. കൈവിട്ട് പോയ പത്തനംതിട്ട ജില്ലയിലെ കോന്നി മണ്ഡലം ഭരണം തിരിച്ചു പിടിക്കുക എന്നത് അസാധ്യമാക്കിയാണ് കോന്നി കോണ്‍ഗ്രസ്സിലെ ആഭ്യന്തര കലഹം തെരുവില്‍ പരസ്യ വിഴുപ്പലക്കലിലേക്ക് എത്തി നില്‍ക്കുന്നത്

കോന്നിയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി തന്റെ വിശ്വസ്തന്‍ റോബിന്‍ പീറ്ററെ പിന്തുണച്ച് അടൂര്‍ പ്രകാശ് എംപി രംഗത്തുവന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസിലെ പ്രധാന കോലാഹലം. അടൂര്‍ പ്രകാശിന്റെ വലംകൈയ്യായ റോബിന്‍ പീറ്ററെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പരാചയപ്പെടുമെന്ന് ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയും പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് മോഹന്‍രാജ് കോണ്‍ഗ്രസ്സ് നേതൃത്വത്തിനെ അറിയിച്ചു കഴിഞ്ഞു .

കോന്നിയിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ അടൂര്‍ പ്രകാശിനെ ചുമതലപ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം കോന്നിയില്‍ യോഗം ചേരുകയും തുടര്‍ന്ന് പത്തനംതിട്ടയില്‍ പത്രസമ്മേളനം നടത്തുകയും ചെയ്തു.

ഡിസിസി സെക്രട്ടറിമാരായ സമുവല്‍ കിഴക്കുപുറവും എംഎസ് പ്രകാശും ആണ് അടൂര്‍ പ്രകാശിനും റോബിന്‍ പീറ്ററിനുമെതിരെ മാധ്യമങ്ങളെ കണ്ടത് .മറ്റൊരു ജില്ലയിലെ എം പി ,പത്തനംതിട്ട ജില്ലയിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ഇടപെടുകയും തന്റെ വലം കൈയ്യായ ഒരാളെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ്സ് നേതാക്കള്‍ പത്ര സമ്മേളനത്തില്‍ ആഞ്ഞടിച്ചിരുന്നു .റോബിന്‍ പീറ്ററിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ പത്ര സമ്മേളനത്തിന് മുന്‍പ് കോന്നിയില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ 7 ഡിസിസി സെക്രട്ടറിമാരും 9 മണ്ഡലം സെക്രട്ടറിമാരും പങ്കെടുത്തു.

അതേസമയം, റോബിന്‍ പീറ്ററുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കള്‍ക്ക് പരാതി നല്‍കിയതിന് പുറമെ മുന്‍ ഡിസിസി പ്രസിഡന്റ് മോഹന്‍ രാജ് ,എ ഐ സി സി പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണിക്കും പരാതി നല്‍കി. സ്ഥാനാര്‍ത്ഥിയായാല്‍ റോബിന്‍ പരാജയപ്പെടുമെന്നും ശക്തനായ ബിജെപി നേതാവ് മത്സരിച്ചാല്‍ റോബിന്‍ മുന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും പരാതിയില്‍ പറയുന്നു.

Continue Reading