KERALA
ആഴക്കടൽ മത്സ്യബന്ധനത്തിൽ സർക്കാർ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് എ വിജയരാഘവൻ

മലപ്പുറം: ആഴക്കടൽ മത്സ്യബന്ധനത്തിൽ സംസ്ഥാന സർക്കാർ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് സി പി എം ആക്ടിംഗ് സെക്രട്ടറി വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിറുത്താനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമെന്നും അദ്ദേഹം ആരോപിച്ചു.ഒരേ ആളുകൾ എപ്പോഴും മത്സരിക്കുന്നത് പാർട്ടി നിലപാടല്ലെന്ന് വിജയരാഘവൻ
‘പ്രതിപക്ഷ നേതാവിന് കടലാസ് ഹാജരാക്കിയാൽ മതി. വിശ്വാസ്യത വേണമെന്നില്ല. അദ്ദേഹം സർക്കാരിനെക്കുറിച്ച് നിരന്തരം അടിസ്ഥാന രഹിതമായ കാര്യങ്ങൾ ആരോപിച്ചുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം ആരോപണങ്ങളുണ്ടാകും. കോടിക്ക് വിലയില്ലാതാകുക തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ്. പ്രതിപക്ഷ നേതാവ് പൂജ്യം കണക്കില്ലാതെ കൂട്ടി അഴിമതി ആരോപണം ഉന്നയിക്കുകയാണ്. അദ്ദേഹത്തെ കണക്ക് പഠിപ്പിച്ച അദ്ധ്യാപകനെ ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കടലിൽ മീൻപിടിക്കാൻ കരയിൽ സ്ഥലം കൊടുക്കുമോ? ഭക്ഷ്യ സംസ്കരണ യൂണിറ്റിനുവേണ്ടിയാണ് സ്ഥലം കൊടുത്തത്. അതിനെ ആഴക്കടൽ മത്സ്യബന്ധനവുമായി കൂട്ടിക്കുഴയ്ക്കേണ്ട. സർക്കാർ നിയമവിരുദ്ധമായിട്ടോ തൊഴിലാളി വിരുദ്ധമായിട്ടോ ഒന്നും ചെയ്യില്ല. ഒരു തരത്തിലുളള ഭൂമികച്ചവടവും നടന്നിട്ടില്ല’- വിജയരാഘവൻ പറഞ്ഞു.
മന്ത്രിമാരെ കാണാൻ പലരും വരും.അവർ ഫോട്ടോയും എടുക്കും എന്നായിരുന്നു മന്ത്രിക്കൊപ്പമുള്ള കമ്പനി പ്രതിനിധികളുടെ ചിത്രം പുറത്തുവന്നതിനെക്കുറിച്ചുളള വിജയരാഘവന്റെ പ്രതികരണം. കഴിഞ്ഞദിവസമാണ് ചിത്രം രമേശ് ചെന്നിത്തല പുറത്തുവിട്ടത്.നേരത്തേ വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടിരുന്നു. അമേരിക്കൻ കമ്പനിയായ ഇ എം സി സി സർക്കാരുമായി ഒപ്പിട്ട ധാരണാ പത്രവും കമ്പനിക്ക് ഭൂമി അനുവദിച്ചതിന്റെ രേഖകളുമാണ് ഇന്ന് അദ്ദേഹം പുറത്തുവിട്ടത്. ധാരാണ പത്രം റദ്ദാക്കാൻ സർക്കാരിനെ വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് ഫിഷറീസ് നയത്തിന് വിരുദ്ധമെങ്കിൽ എന്തിനാണ് എം ഒ യു ഒപ്പിട്ടതെന്നും ചോദിച്ചു. ഇ എം സി സി പ്രതിധികൾ മുഖ്യമന്ത്രിയെ കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂയോർക്കിൽ വച്ചാണ് ഫിഷറീസ് കമ്പനിപ്രതിനിധികൾ കണ്ടതെന്നും കമ്പനി രേഖകൾ തന്നെ അതിന് തെളിവെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.