KERALA
പിസി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കേണ്ടെന്ന് കോണ്‍ഗ്രസിന്റെ തീരുമാനം. ജോർജ് എൻ.ഡി.എ മുന്നണിയിലേക്ക്

കോട്ടയം: പിസി ജോര്‍ജിന്റെയും കേരള ജനപക്ഷത്തിന്റെയും കാത്തിരിപ്പിന് വിരാമം. പിസി ജോര്‍ജിനെ ഇക്കുറി യുഡിഎഫില്‍ എടുക്കേണ്ടെന്ന് കോണ്‍ഗ്രസിന്റെ തീരുമാനം. ജോർജ് എൻ.ഡി.എ മുന്നണിയിലേക്ക് ചേക്കേറും. കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ നിലപാട് ഐ വിഭാഗം അംഗീകരിച്ചതോടെയാണ് ജോർജിന് മുന്നിൽ യു.ഡി.എഫിന്റെ വാതിൽ അടഞ്ഞത്.
ഇതോടെ നാളെ ചേരുന്ന യുഡിഎഫ് യോഗത്തിലും ജോര്‍ജിന്റെ വരവ് ചര്‍ച്ചയാകില്ല. ജോര്‍ജ് ഇല്ലാതെ തന്നെ കോട്ടയം ജില്ലയില്‍ വിജയിക്കാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. പ്രാദേശികമായ എതിര്‍പ്പ് മറികടന്നു ജോര്‍ജിനെ കൂടെ കൂട്ടുന്നത് ഗുണം ചെയ്യില്ലെന്നും ഇവര്‍ പറയുന്നു.
ജില്ലാ, പ്രാദേശിക നേതൃത്വങ്ങളുടെ തീരുമാനത്തെ മറികടക്കേണ്ടെന്ന് എ വിഭാഗം ശക്തമായി നിലപാടെടുത്തു. ജോര്‍ജിനായി ഐ ഗ്രൂപ്പും പ്രമുഖനായ നേതാവും പലവട്ടം സംസാരിച്ചെങ്കിലും അതു അംഗീകരിക്കാന്‍ എ ഗ്രൂപ്പ് തയ്യാറായില്ല.
ഇതോടെ യുഡിഎഫ് പ്രവേശന സാധ്യത അവസാനിച്ച പിസി ജോര്‍ജ് മറ്റന്നാള്‍ തന്റെ പാര്‍ട്ടിയുടെ കമ്മറ്റി വിളിച്ചു ചേര്‍ത്തിട്ടുണ്ട്. നേരത്തെ ജോര്‍ജിനെ ബിജെപി നയിക്കുന്ന എന്‍ഡിഎ സ്വാഗതം ചെയ്തിരുന്നു. ബിജെപിയുമായി കൂട്ടുചേരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാണ് ജോര്‍ജ് നേതൃയോഗം വിളിച്ചിട്ടുള്ളത്.
അതേസമയം ബിജെപി മുന്നണിയോട് കൂട്ടുചേരുന്നതിനോട് ജനപക്ഷ നേതാക്കള്‍ക്കിടയില്‍ അത്ര താല്‍പ്പര്യമില്ലെന്ന സൂചനയുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപന വേള വരെ യുഡിഎഫ് പ്രവേശനത്തിനായി കാക്കണമെന്നും ചര്‍ച്ചകള്‍ നടത്തണമെന്നുമാണ് ഈ നേതാക്കളുടെ പക്ഷം.
എന്നാല്‍ എന്‍ഡിഎ രണ്ടു സീറ്റുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുന്നണി പിന്തുണയുണ്ടെങ്കില്‍ രണ്ടു സീറ്റുകളും നേടാമെന്ന കണക്കുക്കൂട്ടലിലാണ് ജോര്‍ജ്. പാലാ, പൂഞ്ഞാര്‍ സീറ്റുകളാണ് ഇത്. പാലായില്‍ പിസി ജോര്‍ജും, പൂഞ്ഞാറില്‍ മകന്‍ ഷോണ്‍ ജോര്‍ജും മത്സരിക്കാനാണ് ധാരണ.
പാലായില്‍ ശക്തമായ ത്രികോണ മത്സരം നടന്നാല്‍ പിസി ജോര്‍ജിന് എളുപ്പത്തില്‍ ജയിച്ചു കയറാമെന്നും പൂഞ്ഞാറില്‍ ബിജെപിയുടെയും ബിഡിജെഎസിന്റെയും പിന്തുണയോടെ വിജയിക്കാമെന്നുമാണ് ജോര്‍ജിന്റെ മനസിലിരുപ്പ്. അതേസമയം ജോര്‍ജിന്റെ ഈ നീക്കം യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കാനാണോയെന്ന സംശയവും ഉയരുന്നുണ്ട്.