Crime
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ആറ് മാസത്തേക്ക് കൂടി നീട്ടി

ഡല്‍ഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സുപ്രീംകോടതി ആറ് മാസത്തേക്ക് കൂടി നീട്ടി. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യപ്രകാരമാണ് നടപടി. കേസുമായി പ്രോസിക്യൂട്ടര്‍ സഹകരിക്കാതിരുന്നത് കൊണ്ട് സുപ്രീംകോടതി പറഞ്ഞ സമയത്ത് വിചാരണ പൂര്‍ത്തിയാക്കാനാകില്ലെന്ന് ജഡ്ജി സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.
വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടറും നടിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവയ്ച്ചിരുന്നു. തുടര്‍ന്ന് പുതിയ പ്രോസിക്യൂട്ടര്‍ കേസ് ഏറ്റെടുത്തിരുന്നു.
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിസ്സഹകരണവും ട്രാന്‍സ്ഫര്‍ പെറ്റിഷനുകളും കോവിഡും കാരണം പലപ്പോഴും വാചാരണ നീണ്ടുപോയിരുന്നു. പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് ജനുവരി 16ന് എഴുതിയ കത്ത് ഹൈക്കോടതിയിലെ രജിസ്ട്രാര്‍ (ജുഡീഷ്യല്‍)ആണ് സുപ്രീം കോടതിക്ക് കൈമാറിയത്.
വിചാരണ കോടതിയിലെ നടപടികള്‍ ഫെബ്രുവരി ആദ്യ വാരത്തോടെ പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചെങ്കിലും ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.
കേസിലെ പബ്ലിക് പ്രോസിക്യുട്ടര്‍ എ. സുരേശന്‍ രാജി വയ്ക്കുകയും വി.എന്‍ അനില്‍കുമാറിനെ പബ്ലിക് പ്രോസിക്യുട്ടര്‍ ആയി സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു. ഈ കാരണങ്ങളാല്‍ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നാണ് കത്തില്‍ പറയുന്നത്