Connect with us

International

ഇന്ത്യക്കാരനായ യാത്രക്കാരന്റെ പെരുമാറ്റം സഹിക്കാനായില്ല; മറ്റ് വഴികളില്ലാതെ പാരീസിൽ നിന്നു ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിന് ബൽഗേറിയയിൽ അടിയന്തര ലാൻഡിങ്

Published

on

സോഫിയ: പാരീസിൽ നിന്നും ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യക്കാരനായ യാത്രിക്കാരന്റെ ശല്യം കാരണം ബൾഗേറിയയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. യാത്രികന്റെ മാന്യതയില്ലാത്ത പെരുമാറ്റത്തെ തുടർന്ന് എയർ ഫ്രാൻസ് വിമാനമാണ് ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തിൽ ഇറക്കിയത്.

വിമാനം യാത്രതിരിച്ചതിന് തൊട്ടുപിന്നാലെ യാത്രക്കാരൻ മറ്റു യാത്രക്കാരുമായി കലഹിക്കാൻ ആരംഭിക്കുകയായിരുന്നു പിന്നീട് ഫ്‌ളൈറ്റ് അറ്റൻഡന്റിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇയാൾ കോക്പിറ്റ് ഡോർ തള്ളി തുറക്കാനും ശ്രമിച്ചതോടെ മറ്റ് വഴികളില്ലാതെയാണ് വിമാനം അടിയന്തരമായി ഇറക്കിയതെന്ന് ബൾഗേറിയൻ അധികൃതർ അറിയിച്ചു.

യാത്രക്കാരന്റെ പെരുമാറ്റം അസ്സഹനീയമായതിനെ തുടർന്ന് ഫ്‌ളൈറ്റ് കമാൻഡർ എമർജൻസി ലാൻഡിങ്ങിനായി അനുമതി തേടുകയായിരുന്നുവെന്ന് ബൾഗേറിയൻ ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥനായ ഇവൈലോ ആംഗലോവ് പറഞ്ഞു. യാത്രക്കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വിമാനസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള പെരുമാറ്റത്തിന് ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പത്ത് കൊല്ലം വരെ ജയിൽശിക്ഷ ലഭിച്ചേക്കാനാണ് സാധ്യത. അതേസമയം, ഇയാളെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ പ്രവൃത്തികളെ കുറിച്ചും ലക്ഷ്യത്തെ കുറിച്ചും പ്രത്യേക അന്വേഷണം ആരംഭിച്ചതായി ഇവൈലോ ആംഗലോവ് അറിയിച്ചു.

Continue Reading