Connect with us

KERALA

കോണ്‍ഗ്രസ് പട്ടിക നാളെ; കെ.സി.ജോസഫിന്റെ സാധ്യത മങ്ങി

Published

on

ന്യൂഡൽഹി: സ്ഥാനാർഥി നിർണയത്തെ സംബന്ധിച്ച് കോൺഗ്രസിൽ അതൃപ്തി പുകയുന്നതിനിടയിൽ കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ അറിയിച്ചു. ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി.അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി എന്നിവർ ഡൽഹിയിൽ എംപിമാരുമായി ചർച്ച നടത്തുകയാണ്. ഗ്രൂപ്പ് വീതംവെപ്പിൽ പ്രതിഷേധിച്ച് കെ.സുധാകരനും കെ.മുരളീധരനും ചർച്ചയിൽ പങ്കെടുക്കുന്നില്ല. ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് വിവരം. നിലവിലെ സീറ്റ് നിർണയ ചർച്ചകൾ ഗ്രൂപ്പ് വീതം വെപ്പായി മാറുന്നു എന്നാണ് ഇരുവരുടേയും ആരോപണം. പല മുതിർന്ന നേതാക്കൾ പോലും ഇഷ്ടക്കാരെ സ്ഥാനാർഥികൾ ആക്കാനുളള തിരക്കിലാണെന്നും ഇവർ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം സ്ക്രീനിങ് കമ്മിറ്റി മുമ്പാകെ ഓരോ എംപിമാരും തങ്ങളുടെ നിർദേശം മുന്നോട്ടുവെച്ചെങ്കിലും കെ.മുരളീധരൻ ആ ഘട്ടത്തിലും വന്നിരുന്നില്ല.

ഇതിനിടയിലാണ് സ്ഥാനാർഥി പട്ടിക സംബന്ധിച്ച പ്രഖ്യാപനം താരിഖ് അൻവർ നടത്തിയത്. നാളെത്തന്നെ കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ കഴിഞ്ഞേക്കുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

സിറ്റിങ് എംഎൽഎമാരുടെ പട്ടികയാണ് ആദ്യം ഇറങ്ങുക. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം എന്നിവിടങ്ങളിൽ ശക്തരായ സ്ഥാനാർഥിയെ കണ്ടെത്തുന്നതിൽ ആശയക്കുഴപ്പം ഉണ്ട്. നേമത്ത് പി.സി.വിഷ്ണുനാഥും വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാറുമാണ് പരിഗണനയിൽ ഉളളത്.

ടി.സിദ്ദിഖിനെ കല്പറ്റയിൽ മത്സരിപ്പിക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടതായാണ് വിവരം. കെ.സി.ജോസഫിന്റെ സാധ്യത മങ്ങിയിട്ടുണ്ട്, കെ.സി.ജോസഫിനെതിരേ എംപിമാരും രംഗത്ത് വന്നിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് ഇതുസംബന്ധിച്ച് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഉമ്മൻചാണ്ടി കെ.സി.ജോസഫിന് വേണ്ടി ശക്തമായി തന്നെ രംഗത്തുണ്ടെങ്കിലും ഹൈക്കമാൻഡ് അദ്ദേഹത്തിന്റെ പേര് വെട്ടാനാണ് സാധ്യത. എതിർപ്പുകൾ കണ്ടില്ലെന്ന് നടിക്കനാവില്ലെന്നാണ് ഹൈക്കമാൻഡിന്റെ അഭിപ്രായം.

തൃപ്പൂണിത്തുറയിൽ കെ.ബാബുവിന് വേണ്ടിയും ഉമ്മൻചാണ്ടി ശക്തമായി രംഗത്ത് വന്നിരുന്നു. എന്നാൽ ബാബുവിനെതിരേയും എം.പിമാരുടെ പരാതിയുണ്ട്. എം.എം.ഹസനും ഇത്തവണ മത്സരിക്കില്ലെന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. കൊല്ലത്ത് ബിന്ദു കൃഷ്ണ, ആറന്മുളയിൽ ശിവദാസൻ നായർ എന്നിവരാണ് സാധ്യതാ പട്ടികയിലുളളത്. കഴക്കൂട്ടത്ത് എസ്.എസ്.ലാൽ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്, കോന്നിയിൽ റോബിൻ പീറ്ററും സ്ഥാനാർഥിത്വം ഉറപ്പിച്ചു

Continue Reading