International
അമേരിക്കയില്‍നിന്ന് 300 കോടി ഡോളറിന്റെ 30 സായുധ ഡ്രോണുകള്‍വാങ്ങാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: അമേരിക്കയില്‍നിന്ന് 300 കോടി ഡോളറിന്റെ (ഏകദേശം 2189 കോടി രൂപയുടെ) 30 സായുധ ഡ്രോണുകള്‍ ഇന്ത്യ വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാകിസ്താന്റെയും ചൈനയുടെയും ഭാഗത്തുനിന്നുള്ള വെല്ലുവിളികള്‍ നേരിടുന്നതിനായി കരയിലും കടലിലും പ്രതിരോധം ശക്തമാക്കാനാണിത്. സാന്‍ ഡീഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനറല്‍ അറ്റോമിക്‌സില്‍നിന്ന് എം.ക്യു9ബി പ്രിഡേറ്റര്‍ ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്. ഇന്ത്യന്‍ മഹാമുദ്രത്തിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലും ചൈനയുടെ സ്വാധീനത്തെ നേരിടാന്‍ അമേരിക്കയുടെ പ്രതിരോധതന്ത്ര പങ്കാളിയായി ഇന്ത്യ ഉയര്‍ന്നുവരുന്നതിന്റെ സൂചനകൂടിയാണിതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
1700 കിലോഗ്രാം ഭാരം വഹിച്ച് 48 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാനാകുമെന്നതാണ് എം.ക്യു.9ബി ഡ്രോണുകളുടെ പ്രത്യേകത. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കു ഭാഗത്ത് ചൈനീസ് യുദ്ധക്കപ്പലുകളെയും ഹിമാലയത്തിലെ ഇന്ത്യപാക് സംഘര്‍ഷാതിര്‍ത്തിയും നിരീക്ഷിക്കാനാണ് ഡ്രോണുകള്‍ ഉപയോഗിക്കുക.
അതേസമയം, ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയമോ ജനറല്‍ അറ്റോമിക്‌സോ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസറ്റിന്‍ മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.