Connect with us

HEALTH

കൊവിഡ് വൈറസിന്റെ പൂര്‍വ്വികര്‍ വവ്വാലുകളില്‍ നിന്ന്; മനുഷ്യനിലേയ്ക്ക് എത്തിയത് ചെറിയ ജനിതമാറ്റങ്ങള്‍ സംഭവിച്ച ശേഷം

Published

on

ലണ്ടന്‍: കൊവിഡ് വൈറസിന്റെ പൂര്‍വ്വികള്‍ വവ്വാലുകളില്‍ നിന്നാണെന്ന് പുതിയ കണ്ടെത്തല്‍. ചെറിയ ജനിതക മാറ്റങ്ങള്‍ സംഭവിച്ച ശേഷമാണ് മനുഷ്യനിലെത്തിയതെന്നുമാണ് പുതിയ നിരീക്ഷണം. സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ വൈറസ് പഠനകേന്ദ്രം ഗവേഷകനായ ഓസ്‌കാര്‍ മക്ലീന്‍, യു.എസിലെ ടെമ്പിള്‍ സര്‍വകലാശാലയിലെ സെര്‍ജി പോണ്ട് എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

പ്ലോസ് ബയോളജി ജേണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മനുഷ്യനിലെത്തുന്നതിനും മുമ്പേ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പടരാനുള്ള ശേഷി വൈറസ് കൈവരിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സാര്‍സ് കോവ്-2 വൈറസിന്റെ ആയിരക്കണക്കിന് ജനിതകഘടനകള്‍ തുടര്‍ച്ചയായി ശാസ്ത്രജ്ഞര്‍ പരിശോധിച്ചു.

രോഗവ്യാപനത്തിന്റെ ആദ്യ 11 മാസങ്ങളില്‍ പരിണാമപരമായി പ്രാധാന്യമുള്ള ചെറിയ ജനിതകമാറ്റങ്ങളേ വൈറസിനുണ്ടായിട്ടുള്ളൂവെന്നും പഠനത്തില്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, എല്ലാ വൈറസുകളിലെയും പോലെ പ്രോട്ടീനിലെ മാറ്റങ്ങളടക്കം ലക്ഷക്കണക്കിന് മാറ്റങ്ങള്‍ വൈറസിന്റെ ജീവശാസ്ത്രത്തെ ബാധിച്ചിട്ടുണ്ട്.

അതേസമയം, മനുഷ്യന്‍ ആര്‍ജിക്കുന്ന രോഗപ്രതിരോധശേഷിയിലൂടെയും വാക്സിന്‍ വിതരണത്തിലൂടെയും വൈറസിനെ തുരത്താനാവുമെന്നും പറയുന്നു. രോഗവ്യാപനത്തിന്റെ ആരംഭത്തില്‍ ഉണ്ടായിരുന്ന ജനിതകഘടനയല്ല വൈറസിന് ഇപ്പോഴുള്ളത്. അതിനാല്‍ കൂടുതല്‍ പരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നതിനു മുമ്പേ വാക്സിന്‍ വിതരണം വേഗത്തിലാക്കുകയാണ് വേണ്ടതെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Continue Reading