Crime
സി.ഒ.ടി.നസിർ വധശ്രമക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു

തലശ്ശേരി– നഗരസഭാ മുൻ കൌൺസിലറും സി.പി.എം മുൻ പ്രാദേശിക നേതാവുമായിരുന്ന സി.ഒ.ടി – നസീറിനെ ആക്രമിച്ചു വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ തലശ്ശേരി പോലിസ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.-വധശ്രമം, ന്യായവിരുദ്ധ സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ ഉൾപെടെ 3 07,147, 148,323,324,326 തുടങ്ങി നിരവധി വകുപ്പുകൾ ചേർത്താണ് ശ്രീജിൽ, റോഷൻ ബാബു, അശ്വന്ത്, സോജിത്ത്, സെയ്ത്, പൊട്ടി സന്തോഷ്, ബ്രിട്ടോ, ജിത്തു, മിഥുൻ എന്ന മൊയ്തു, രാഗേഷ്, തുടങ്ങി 12 പ്രതികൾക്കെതിരെ നിലവിലുള്ള തലശ്ശേരി സി.ഐ.കുറ്റപത്രം നൽകിയത്
2019 മേയ് 18ന് രാത്രി കായ്യത്ത് റോഡിൽ വച്ചാണ് നസീർ ആക്രമിക്കപ്പെട്ടത് . സുഹൃത്തിൻ്റെ ഇരുചക്രവാഹനത്തിൽ പോവുന്ന തിനിടെ മറ്റൊരു ഇരുചക്രവാഹനത്തിലെത്തി നസിറിനെ അടിച്ചു റോഡിൽ വീഴ്ത്തി നിലത്ത് വീണ നസീറിൻ്റെ ദേഹത്ത് ബൈക്ക് കയറ്റി അപായപ്പെടുത്താൻ ശ്രമിച്ചു.എഴുന്നേറ്റ് ഓടുന്നതിനിടയിൽ വീണ്ടും ഇരുമ്പ് വടി കൊണ്ട് അടിച്ചുവീഴ്ത്തിയെന്നാണ് കേസ് അന്നത്തെ തലശ്ശേരി സി.ഐ.വി.കെ.വിശ്വംഭരനാണ് അന്വേഷിച്ചത്. സംഭവം നടന്ന് രണ്ട് വർഷം തികയാനിരിക്കെയാണ് കുറ്റപത്രം കോടതിയിലെത്തുന്നത് .കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചതിൻ്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നായിരുന്നു കേസ് . പ്രതിസ്ഥാനത്തുള്ളവരെല്ലാം സി.പി.എം അനുഭാവികളും പ്രവർത്തകരുമാണ് . കേസിൽ തലശ്ശേരി എം.എൽ എ. എ.എൻ ഷംസീറിന് പങ്കുണ്ടെന്ന് ആരോപിച്ച് കേസ് സി.ബി ഐക്ക് വിടണമെന്നാവശ്യപ്പെടുള്ള സി.ഒ.ടി നസീറിന്റെ പരാതി ഹൈക്കോടതിക്ക് മുമ്പാകെയാണുള്ളത്.