KERALA
മൂന്നുമാസം സമയം കിട്ടിയിരുന്നെങ്കിൽ ധർമ്മടത്ത് മത്സരിക്കാമായിരുന്നു; കോൺഗ്രസാണ് തന്റെ ജീവനും ജീവിതവും: കെ സുധാകരൻ

മൂന്നുമാസം സമയം കിട്ടിയിരുന്നെങ്കിൽ ധർമ്മടത്ത് മത്സരിക്കാമായിരുന്നു; കോൺഗ്രസാണ് തന്റെ ജീവനും ജീവിതവും: കെ സുധാകരൻ
കണ്ണൂർ: കോൺഗ്രസ് നേതൃത്വം മുമ്പ് തന്നെ സൂചന നൽകിയിരുന്നെങ്കിൽ ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയനെതിരെ മത്സരിച്ചേനെയെന്ന് കെ സുധാകരൻ എംപി. മൂന്ന് മാസത്തെ സാവകാശം കിട്ടിയിരുന്നെങ്കിൽ ധർമ്മടം മണ്ഡലത്തിൽ മത്സരിക്കുമായിരുന്നു. പാർട്ടി മത്സരിക്കാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിൽ താൻ തയ്യാറായിരുന്നു. മത്സരിക്കുകയും ചെയ്യും, മണ്ഡലത്തിൽ നല്ല ചലനം ഉണ്ടാക്കുകയും ചെയ്യും സുധാകരൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടു.
എന്നാൽ കോൺഗ്രസാണ് മത്സരിക്കുന്നത് എന്നതിനെ സംബന്ധിച്ച് യാതൊരു വിധ സൂചനയും നേരത്തെ ലഭിച്ചിരുന്നില്ല എന്നും സുധാകരൻ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. കോൺഗ്രസ് പാർട്ടി എന്നാൽ തനിക്ക് ജീവിതവും ജീവനുമാണെന്നും കെ സുധാകരൻ പറഞ്ഞു.
പിണറായി വിജയനെതിരെ ശക്തനായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമെന്ന് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചതിന് പിന്നാലെ ധർമ്മടത്ത് കെ സുധാകരൻ മത്സരിച്ചേക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ.
എന്നാൽ മുന്നൊരുക്കത്തിന് സമയമില്ലെന്ന് ചൂണ്ടിക്കാണിച്ച് സുധാകരൻ മത്സരത്തിൽ നിന്നും പിന്മാറുകയായിരുന്നു. കണ്ണൂർ ജില്ലയിൽ യുഡിഎഫ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ സജീവമാകേണ്ടതിന്റെ ആവശ്യകതയുള്ളതിനാൽ മത്സരിക്കാനാവില്ലെന്നും ജില്ലയിൽ അഞ്ച് മണ്ഡലങ്ങൾ യുഡിഎഫ് നേടുമെന്നും സുധാകരൻ പറഞ്ഞു. ഡിസിസി സെക്രട്ടറി സി രഘുനാഥാണ് നിലവിൽ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.