KERALA
ഇരട്ട വോട്ട് .: 140 മണ്ഡലങ്ങളിലും വോട്ടർപട്ടിക പരിശോധിക്കും. ജില്ലാ കളക്‌ടർമാർക്ക് നിർദ്ദേശം നൽകി. ഇരട്ടവോട്ടുളളവരുടെ പട്ടിക തയ്യാറാക്കും

തിരുവനന്തപുരം: ഇരട്ട വോട്ട് വിവാദത്തിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. 140 മണ്ഡലങ്ങളിലും വോട്ടർപട്ടിക പരിശോധിക്കും. ഇതിന് ജില്ലാ കളക്‌ടർമാർക്ക് നിർദ്ദേശം നൽകി. പട്ടിക പരിശോധിച്ച ശേഷം ഇരട്ടവോട്ടുളളവരുടെ പട്ടിക തയ്യാറാക്കും. സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചാകും പട്ടിക പരിശോധിക്കുന്നത്. ശേഷം ഒന്നിലേറെ വോട്ടുളളവരെ പോളിംഗ് ഉദ്യോഗസ്ഥർ നേരിൽ കണ്ട് ബോധവൽക്കരിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. പട്ടിക എത്രയും വേഗം നാളെത്തന്നെ പരിശോധന പൂർത്തിയാക്കണമെന്നാണ് കമ്മീഷൻ ഉത്തരവ് നൽകിയിരിക്കുന്നത്. വോട്ട് ചെയ്‌താൽ മഷി ഉണങ്ങുംവരെ ഇരട്ടവോട്ടുളള വോട്ടർമാർ ബൂത്തിൽ തുടരണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
വോട്ടർപട്ടികയിൽ ഇരട്ടവോട്ടുണ്ടെന്ന പ്രതിപക്ഷനേതാവിന്റെ പരാതി ശരിയാണെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അഭിപ്രായപ്പെട്ടത്. ചെന്നിത്തലയുടെ പരാതിയിൽ ജില്ലാ കളക്‌ടർമാർ നടത്തിയ അന്വേഷണത്തിലാണ് പല മണ്ഡലങ്ങളിലും ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തിയത്. നാല് ലക്ഷത്തോളം കളളവോട്ടുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ പരാതിയിലുണ്ടായിരുന്നത്. ഇതിൽ കോട്ടയത്ത് 1606ൽ 590 ഇരട്ടവോട്ടുണ്ടെന്നും ഇടുക്കിയിലെ 1168 ൽ 434, പാലക്കാട്ടെ 2400 ൽ 800, തവനൂരിലെ 4395ൽ 70 ശതമാനം എന്നിങ്ങനെ ഇരട്ട വോട്ടുകളാണെന്ന് ജില്ലാ കളക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തിയതായി ടിക്കാറാം മീണ വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചു. ഉദുമ മണ്ഡലത്തിലെ ഡെപ്യൂട്ടി തഹസിൽദാറെ അന്വേഷണവിധേയമായി ഇന്നലെ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തിരുന്നു. ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞ കുമാരിയെന്ന വോട്ടർക്ക് ഇവിടെ അഞ്ച് തിരിച്ചറിയൽ കാർഡ് അനുവദിച്ചത് ബൂത്ത് ലെവൽ ഓഫീസറുടെ (ബി.എൽ.ഒ) ശുപാർശ കൂടാതെയായിരുന്നു.
ഓരോ മണ്ഡലത്തിലെയും ഇരട്ട വോട്ടുകൾ ആബ്സന്റ്, ഷിഫ്റ്റ്, ഡെത്ത് (എ.എസ്.ഡി) ലിസ്റ്റിൽപ്പെടുത്തും. ലിസ്റ്റ് പ്രിസൈഡിംഗ് ഓഫീസർമാർക്കെത്തിച്ച് ഇരട്ട വോട്ടുള്ളയാൾ കള്ളവോട്ട് ചെയ്യുന്നത് തടയും.കള്ളവോട്ട് നടക്കാനിടയുളള മലബാർ മേഖലയിലെ അഞ്ച് ജില്ലകളിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും.