Connect with us

KERALA

വയനാട്ടിൽ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന രണ്ടുകുട്ടികൾ മരിച്ചു

Published

on

കൽപ്പറ്റ: വയനാട്ടിൽ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന രണ്ടുകുട്ടികൾ മരിച്ചു. രമേശ് ക്വാർട്ടേഴ്സിൽ മുരുകന്റെ മകൻ മുരളി(16), പാലക്കാട് മാങ്കുറിശ്ശി സ്വദേശി കുണ്ടുപറമ്പിൽ ലത്തീഫിന്റെ മകൻ അജ്മൽ(14) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച കോട്ടക്കുന്ന് കാരക്കണ്ടിയിൽ ആളൊഴിഞ്ഞ വീടിനോടു ചേർന്ന കെട്ടിടത്തിലായിരുന്നു സ്ഫോടനം നടന്നത്. മുരളിയെയും അജ്മലിനെയും കൂടാതെ സ്ഫോടനത്തിൽ പരിക്കേറ്റ കാരക്കണ്ടി ചപ്പങ്ങൽ ജലീലിന്റെ മകൻ ഫെബിൻ ഫിറോസ്(14) ചികിത്സയിൽ തുടരുകയാണ്. ഫെബിന്റെ ബന്ധുവാണ് അജ്മൽ.

സ്ഫോടനത്തിൽ മൂന്നുപേർക്കും ശരീരമാസകലം പൊള്ളലേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. അപകടത്തിന് ഇടയാക്കിയത് വെടിമരുന്നാണെന്നാണ് നിഗമനം. വെടിമരുന്ന് തന്നെയാകാനാണ് സാധ്യതയെന്നും ബത്തേരി ഡിവൈ.എസ്.പി. വി.വി. ബെന്നി നേരത്തെ വ്യക്തമാക്കിയിരുന്നു. വിദഗ്ധ പരിശോധനയ്ക്കായി സ്ഥലത്തുനിന്ന് സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. സ്ഫോടനം നടന്ന സംഭവത്തിൽ ബത്തേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ആരെയും പ്രതിചേർക്കാനായിട്ടില്ല.

മൂന്നുവർഷത്തോളമായി ഉപയോഗിക്കാതെ കാടുമൂടിക്കിടന്ന കെട്ടിടത്തിൽ എവിടെ നിന്നാണ് വെടിമരുന്ന് എത്തിയതെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

Continue Reading