KERALA
വിപ്ലവ താരകം കെ. ആര്‍ ഗൗരിയമ്മ വിടവാങ്ങി

തിരുവനന്തപുരം: വിപ്ലവ താരകം കെ. ആര്‍ ഗൗരിയമ്മ(102) യാത്രയായി. കടുത്ത അണുബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു.
.ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തില്‍ കളത്തിപ്പറമ്പില്‍ കെ. എ. രാമന്‍, പാര്‍വ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14നാണു കളത്തിപ്പറമ്പില്‍ രാമന്‍ ഗൗരിയമ്മ എന്ന കെ. ആര്‍. ഗൗരിയമ്മ ജനിച്ചത്.
വിദ്യാര്‍ത്ഥിയായിരിയ്ക്കുമ്പോള്‍ തന്നെ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടിരുന്ന ഗൗരിയമ്മ 1952-53, 1954-56 എന്നീ കാലഘട്ടങ്ങളിലെ തിരുവിതാംകൂര്‍-കൊച്ചി നിയമസഭകളിലും തുടര്‍ന്നു കേരളസംസ്ഥാനത്തിന്റെ ആവിര്‍ഭാവത്തോടെ അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതല്‍ പതിനൊന്നുവരെയുള്ള നിയമസഭകളിലും അംഗമായിരുന്നു. കേരളത്തിലെ ആദ്യ വനിതാ മന്ത്രി, ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായ വനിത എന്നീ നേട്ടങ്ങള്‍ ഗൗരിയമ്മയുടെ പേരിലാണ്.
1957ലെ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസായിരുന്നു ഗൗരിയമ്മയുടെ ജീവിത പങ്കാളി. പിന്നീട് ഇവര്‍ ബന്ധം പിരിഞ്ഞു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗമായിരുന്ന ഗൗരിയമ്മ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനോടൊപ്പം നിലകൊണ്ടു. പിന്നീട് 1994 ജനുവരി ഒന്നിനാണ് ഗൗരിയമ്മയെ സിപിഎം പുറത്താക്കുകയും തുടര്‍ന്ന് ഗൗരിയമ്മ ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) എന്ന പാര്‍ട്ടി രൂപീകരിയ്ക്കുകയും ചെയ്തു.
കേരളത്തില്‍ വിവിധകാലങ്ങളില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും മന്ത്രിയായിരുന്ന അവര്‍ റവന്യൂ, വിജിലന്‍സ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്‌സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു.
കെ.ആര്‍. ഗൗരിയമ്മയുടെ ആത്മകഥ 2010ല്‍ ആത്മകഥകെ.ആര്‍. ഗൗരിയമ്മ എന്ന പേരില്‍ പുറത്തിറങ്ങുകയും 2011ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിനു അര്‍ഹമാവുകയും ചെയ്തു.