Connect with us

KERALA

വിടവാങ്ങിയത് നൂറ്റാണ്ടിന്റെ കരുത്തുറ്റ വനിത

Published

on


ആലപ്പുഴ :നൂറ്റാണ്ടിന്റെ കരുത്തയായ വനിത അതാണ് കെ ആര്‍ ഗൗരി എന്ന ഗൗരിയമ്മ. ഈ ഊര്‍ജ്ജം തന്നെയാണ് കരയാത്ത ഗൗരി തളരാത്ത ഗൗരി എന്ന ചുള്ളിക്കാടിന്റെ വരികള്‍ക്ക് ആധാരം. എല്ലാക്കാലവും ഒഴുക്കിനെതിരെ നീന്തിയ പാരമ്പര്യമാണ് ഗൗരിയമ്മയുടേത്. ശരിയെന്ന് തനിക്ക് തോന്നുന്ന കാര്യത്തില്‍ എന്തുവില കൊടുത്തും ഉറച്ചുനില്‍ക്കുന്ന സ്വഭാവമാണ് ഗൗരിയമ്മയെ വ്യത്യസ്തയാക്കുന്നത്. 139 എംഎല്‍എമാര്‍ അനുകൂലിച്ച ആദിവാസി വിരുദ്ധ ബില്ലിനെ ഒറ്റയ്ക്ക് എതിര്‍ത്ത് തോല്‍പ്പിച്ചത് ഇതിന് ഉദാഹരണമാണ്. നിയമസഭ പാസാക്കിയ ബില്‍ ഗൗരിയമ്മ വിയോജിപ്പ് പ്രകടിപ്പിച്ചതുകൊണ്ടുതന്നെ രാഷ്ട്രപതി മടക്കി അയച്ചു. താന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ ആദിവാസികള്‍ ഇല്ലാതിരുന്നിട്ടും അവര്‍ക്കായി ഗൗരിയമ്മ പോരാടി.
‘കേരം തിങ്ങും കേരള നാട്ടില്‍ കെആര്‍ ഗൗരി ഭരിക്കട്ടെ’ എന്ന മുദ്രാവാക്യം കേരളത്തിലാകെ മുഴങ്ങിയ ഒരു സമയമുണ്ടായിരുന്നു. കെആര്‍ ഗൗരിയമ്മ മുഖ്യമന്ത്രി കസേരയിലെത്തുമെന്ന പ്രതീക്ഷ വലിയൊരു വിഭാഗത്തിന് ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകാരിയായിരുന്ന ഗൗരിയമ്മ, 1964ലെ പാര്‍ട്ടിപിളര്‍പ്പില്‍ തന്റെ ജീവിതത്തെ തന്നെ മുറിച്ചുമാറ്റി സിപിഐഎമ്മിനൊപ്പം നിന്ന ധീരവനിത, കാല്‍ നൂറ്റാണ്ടിന് ശേഷം താന്‍ രൂപീകരണത്തില്‍ താന്‍ കൂടി ഭാഗഭാക്കായ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് ജെഎസ്എസ് രൂപീകരിച്ചു.
സ്വാതന്ത്ര്യാനന്തരകാലത്തെ കേരളത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയില്‍ നിര്‍ണായകസ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞ പ്രമുഖ നേതാക്കളില്‍ ഒരാളാണ് കളത്തിപ്പറമ്പില്‍ രാമന്‍ ഗൗരി എന്ന കെആര്‍ ഗൗരി എന്ന ഗൗരിയമ്മ.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ അന്ധകാരനഴി എന്ന ഗ്രാമത്തില്‍ കളത്തിപ്പറമ്പില്‍ കെ. എ. രാമന്‍, പാര്‍വ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14ന് ജനനം. തിരൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബി.എ. ബിരുദവും തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍ നിന്നും നിയമബിരുദവും കരസ്ഥമാക്കി. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തെരഞ്ഞെടുക്കാന്‍ തയാറായ കേരളവനിതകളുടെ ആദ്യതലമുറയിലെ അംഗമായിരുന്നു ഗൗരിയമ്മ. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്ന ജ്യേഷ്ഠസഹോദരന്‍ സുകുമാരന്റെ പ്രേരണയാല്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലൂടെ പൊതുജീവിതം ആരംഭിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിടെ കൊടിയ പൊലീസ് പീഡനം അനുഭവിച്ചു.
1953ലും 1954ലും നടന്ന തിരുവിതാംകൂര്‍, തിരുകൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഗണ്യമായ ഭൂരിപക്ഷത്തോടെ അവര്‍ വിജയിച്ചു. ഐക്യകേരളത്തിന്റെ ജനനത്തിനുതൊട്ടുശേഷം രൂപീകരിക്കപ്പെട്ട 1957ലെ പ്രഥമകേരളനിയമസഭയില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍, ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ നിലവില്‍ വന്ന മന്ത്രിസഭയിലും അംഗമായി. 1952-53, 1954-56 എന്നീ കാലഘട്ടങ്ങളിലെ തിരുവിതാംകൂര്‍-കൊച്ചി നിയമസഭകളിലും അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതല്‍ പതിനൊന്നുവരെ എല്ലാ കേരള നിയമസഭകളിലും അംഗമായിരുന്നു.1957,1967,1980,1987 വര്‍ഷങ്ങളില്‍ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും 2001ലെ എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവര്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. റവന്യൂ വകുപ്പിനു പുറമേ, വിജിലന്‍സ്, നിയമം ,വ്യവസായം, ഭക്ഷ്യം, കൃഷി, എക്‌സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ക്കും നേതൃത്വം നല്‍കി കഴിവു തെളിയിച്ചു.
1957ലെ പ്രഥമകേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രി എന്ന നിലയില്‍ ചരിത്രപ്രധാനമായ ഭൂപരിഷ്‌കരണ നിയമം, കേരള സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം (1958) എന്നിവ നിയമസഭയില്‍ അവതരിപ്പിച്ചതും നടപ്പില്‍ വരുത്തിയതും ഗൗരിയമ്മയായിരുന്നു. കേരളത്തിന്റെ പില്‍ക്കാല സാമ്പത്തിക-സാമൂഹ്യ-ചരിത്രഗതി നിര്‍ണ്ണയിക്കുന്നതില്‍ ഈ ബില്ലുകള്‍ ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്. രണ്ടാമത് ഇ.എം.എസ് മന്ത്രിസഭയില്‍ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. മുന്‍ ഗവണ്‍മെന്റ് അംഗീകരിച്ച ഭൂപരിഷ്‌കരണ ബില്ലില്‍ പുരോഗമനപരവും സമൂലവുമായ നിരവധി ഭേദഗതികള്‍ വരുത്തി നടപ്പാക്കി. അതോടെ ജന്മിത്തം കേരളത്തില്‍ നിരോധിക്കപ്പെട്ടു. മുപ്പത്തഞ്ചു ലക്ഷത്തോളം കുടിയേറ്റക്കാരും അഞ്ചുലക്ഷത്തോളം കുടികിടപ്പുക്കാരും ഭൂമിയുടെ ഉടമസ്ഥരായി. ഒരുലക്ഷത്തിലധികം ഏക്കര്‍ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും ഗ്രാമീണ മേഖലയിലെ കര്‍ഷക തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തു. ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ ആദ്യ മന്ത്രിസഭയിലും അംഗമായിരുന്നു. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു ഗൗരിയമ്മ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനെത്തുടര്‍ന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി(മാര്‍ക്‌സിസ്റ്റ്) അംഗമായ ഇവര്‍ 1994 ല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപവത്കരിച്ചു. ആത്മകഥ (കെ.ആര്‍. ഗൗരിയമ്മ) എന്നപേരില്‍ പ്രസിദ്ധീകരിച്ച ആത്മകഥയ്ക്ക് 2011ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
മിഥുന മാസത്തിലെ തിരുവോണനാളില്‍ കളത്തിപ്പറമ്പ് വീട്ടില്‍ ആഘോഷങ്ങള്‍ക്ക് കൊടികയറും. വര്‍ഷങ്ങളായി അതായിരുന്നു പതിവ്. എന്നാല്‍ കഴിഞ്ഞ തവണ കേരളത്തിന്റെ രാഷ്ട്രീയ മുത്തശ്ശിയുടെ ജന്മദിനം ആളും ആരവവും ഇല്ലാതെയായിരുന്നു. കുഞ്ഞമ്മയുടെ നൂറ്റി രണ്ടാം പിറന്നാള്‍ ആഘോഷിക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലായിരുന്നു നാട്ടുകാരും. എന്നാല്‍ നിരാശപ്പെടേണ്ടന്നും ഞാന്‍ എന്നും നിങ്ങള്‍ക്ക് ഒപ്പം ഉണ്ടാകുമെന്നുമായിരുന്നു അന്ന് ഗൗരിയമ്മയുടെ പ്രതികരണം. എന്നാല്‍, ആ വാക്കുകള്‍ അസ്തമിച്ചിരിക്കുന്നു. നാടിന്റെയും നാട്ടാരുടെയും പ്രിയപ്പെട്ട കുഞ്ഞമ്മ ഇനി ഓര്‍മകളില്‍ മാത്രം.

Continue Reading