Crime
അറസ്റ്റ് ചെയ്തത മന്ത്രിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മമത ബാനര്‍ജി സി.ബിഐ. ആസ്ഥാനത്ത്

കൊല്‍ക്കത്ത: നാരദ ഒളിക്യാമറാ കേസുമായി ബന്ധപ്പെട്ട് ബംഗാളില്‍ നാടകീയ നീക്കങ്ങള്‍. കേസുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തതിനു പിന്നാലെ മുഖ്യമന്ത്രി മമത ബാനര്‍ജി സി.ബിഐ. ആസ്ഥാനത്തെത്തി.
മന്ത്രിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് മമത ബാനര്‍ജി എത്തിയത്. പറ്റുമെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ എന്നാണ് മമത സി.ബി.ഐ. ഓഫീസിലെത്തിയതിനു ശേഷം പറഞ്ഞത്. അറസ്റ്റിലായ തൃണമൂല്‍ മന്ത്രി ഫിര്‍ഹാദ് ഹക്കീമിന്റെ വീട്ടിലെത്തിയതിനു ശേഷമാണ് മമത സി.ബി.ഐ. ആസ്ഥാനത്ത് എത്തിയത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മന്ത്രി ഫിര്‍ഹാദ് ഹക്കീമിനെ സി.ബി.ഐ. വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. നടപടി ക്രമങ്ങള്‍ പാലിക്കാതെ സി.ബി.ഐ. തന്നെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു ഫിര്‍ഹാദ് ഹക്കീമിന്റെ ആരോപണം. മന്ത്രിയായ സുബ്രതോ മുഖര്‍ജിയേയും തൃണമൂല്‍ എം.എല്‍.എ. മദന്‍ മിത്രയേയും മുന്‍ എം.എല്‍.എ. സോവന്‍ ചാറ്റര്‍ജിയേയും സി.ബി.ഐ. കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്‍ക്കത്തയുടെ മുന്‍ മേയറായ സോവന്‍ ചാറ്റര്‍ജി 2019ല്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നുവെങ്കിലും മാര്‍ച്ചില്‍ ബി.ജെ.പിയില്‍ നിന്നും രാജിവെച്ചിരുന്നു.
നാല് പേര്‍ക്കെതിരേയും അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ അനുമതി നല്‍കിയിരുന്നു. കേസില്‍ സി.ബി.ഐ. ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. നാല് പേരെയും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടും. കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചില്ലെങ്കില്‍ ജാമ്യം ലഭിക്കുന്നത് വരെ ഇവര്‍ പോലീസ് ലോക്കപ്പില്‍ തുടരേണ്ടി വരും.
എം.എല്‍.എമാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സ്പീക്കര്‍ അനുമതി നല്‍കേണ്ടതുണ്ട്. എന്നാല്‍ സ്പീക്കറെ സമീപിക്കാതെ നേരിട്ട് ഗവര്‍ണറില്‍ നിന്ന് അനുമതി തേടിയാണ് മന്ത്രിമാരേയും എംഎല്‍എമാരേയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 2014ലെ നാരദ കോഴക്കേസ് കാലത്ത് മമത ബാനര്‍ജി സര്‍ക്കാരില്‍ അംഗങ്ങളായിരുന്നു ഇന്ന് സി.ബി.ഐ. കസ്റ്റഡിയിലെടുത്ത നാല് പേരും.
പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്ന മുകുള്‍ റോയിയും സുവേന്ദു അധികാരിയും അടക്കമുള്ളവര്‍ സാങ്കല്‍പ്പിക കമ്പനിയുടെ പ്രതിനിധികളില്‍നിന്ന് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു നാരദ സ്റ്റിങ് ഓപ്പറേഷന്‍ വീഡിയോ. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ മുകുള്‍ റോയ് 2017ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. സുവേന്ദു അധികാരിയും പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്നു.
നാരദ ന്യൂസ് പോര്‍ട്ടലിലെ മാത്യു സാമുവലാണ് ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയത്. 2016ല്‍ പശ്ചിമ ബംഗാളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വീഡിയോ പുറത്തുവന്നത്. ഐ.പി.എസ്. ഉദ്യോഗസ്ഥനായ എസ്എം.എച്ച്. മിര്‍സയടക്കമുള്ള പശ്ചിമ ബംഗാളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബര്‍ദ്വാന്‍ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്നു അന്ന് മിര്‍സ. കേസില്‍ അന്വേഷണം നടത്താന്‍ 2017ലാണ് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്.