Education
മുഖ്യമന്ത്രിയുടെ സന്ദേശം വീട്ടിൽ നേരിട്ടെത്തിക്കാൻ അധ്യാപകർക്ക് .നിർദേശം. പ്രതിക്ഷേധം കനക്കുന്നു

തിരുവനന്തപുരം: ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ വീടുകളിൽ എല്ലാം മുഖ്യമന്ത്രിയുടെ സന്ദേശം നേരിട്ടെത്തിക്കാൻ നിർദേശം. ഇതോടെ പുലിവാല് പിടിച്ചത് അധ്യാപകരാണ്.
മുഖ്യമന്ത്രിയുടെ അച്ചടിച്ച സന്ദേശം അധ്യാപകർ എ.ഇ.ഒ. ഓഫീസിൽ നേരിട്ടെത്തി ഇന്ന് തന്നെകൈപ്പറ്റണമെന്ന നിർദേശവുമുണ്ട്. പ്രവേശനോത്സവം ഓൺലൈൻ ആയി നടത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അപ്പോൾ പിന്നെ എന്തിനാണ് അച്ചടിച്ച സന്ദേശം കുട്ടികളുടെ വീട്ടിൽ നേരിട്ട് എത്തിക്കുന്നതെന്ന ചോദ്യവും അധ്യാപകരുടെ ഭാഗത്തുനിന്ന് ഉയരുകയാണ്. ഈ കോ വിഡ് കാലത്ത് കുട്ടികളുടെ വീട്ടുകളിൽ നേരിട്ട് എത്തി മുഖ്യമന്ത്രിയുടെ സന്ദേശം എത്തിക്കണമെന്ന പിടിവാശിക്കെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ പ്രതിക്ഷേധവുമായ് രംഗത്തെത്തി.
ഇന്ന് അതത് സ്കൂളുകളുടെ ചുമതലയുള്ള അധ്യാപകർ എ.ഇ.ഒ. ഓഫീസിൽ നേരിട്ടെത്തി അച്ചടിച്ച സന്ദേശം വാങ്ങുകയും നാളെ മുതൽ എല്ലാ കുട്ടികളുടെയും വീട്ടിൽ എത്തിക്കാനുമാണ് നിർദേശം.ലോക്ഡൗണും ട്രിപ്പിൾ ലോക്ഡൗണും കോവിഡ് മാനദണ്ഡങ്ങളും നിലനിൽക്കവേയാണ് നിർദേശം. നാലുലക്ഷത്തിൽ അധികം കുട്ടികളുടെ വീടുകളിലേക്ക് സന്ദേശവുമായി പോകുമ്പോൾ, അത് രോഗപ്പകർച്ചയ്ക്ക് കാരണമാകാനുള്ള സാധ്യതയാണ് അധ്യാപകർ ചൂണ്ടിക്കാണിക്കുന്നത്. ജൂൺ ഒന്നിന് മുന്നേ സന്ദേശം വിതരണം ചെയ്യണമെന്നതിനാൽ തിങ്കളാഴ്ച തന്നെ വിതരണം ചെയ്ത് തീർക്കുകയും വേണം.