KERALA
കെ.മുരളിധരനെ യു.ഡി.എഫ് കൺവീനറാക്കാൻ ഹൈക്കമാൻഡ്

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് കെ.മുരളീധരനെ പരിഗണിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തും കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനത്തും നേതൃമാറ്റത്തിന് ചുക്കാൻ പിടിച്ച ഹൈക്കമാൻഡിൻ്റെ അടുത്തലക്ഷ്യം യു.ഡി.എഫ് കൺവീനറായി പുതിയൊരാളെ കൊണ്ടുവരികയെന്നതാണ്. നേമം പോലുള്ള ഒരു മണ്ഡലത്തിൽ ഹൈറിസ്ക്കെടുക്കാൻ തയ്യാറായ മുരളീധരന് കൺവീനർ പദവി നൽകാനാണ് രാഹുലിന് താത്പര്യം. സംസ്ഥാനത്ത് എ.ഐ.സി.സി നടത്തിയ രഹസ്യസർവേയിലും മുരളീധരന് മികച്ച ജനപിന്തുണയാണ് ലഭിച്ചത്.
സുധാകരന് പിന്നാലെ മുരളീധരനെ തലപ്പത്ത് കൊണ്ടുവരുന്നത് അണികൾക്കിടയിൽ ഊർജ്ജം നൽകുമെന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. ഇടഞ്ഞുനിൽക്കുന്ന ഗ്രൂപ്പുകൾ പറയുന്ന പേരുകൾ ചെവിക്കൊള്ളാൻ ഹൈക്കമാൻഡ് തയ്യാറായേക്കില്ല. യു.ഡി.എഫിലെ എല്ലാ കക്ഷികൾക്കും സ്വീകാര്യനായ ഒരാളെയാണ് കൺവീനർ ആക്കേണ്ടത്. മുരളീധരൻ കൺവീനർ സ്ഥാനം നിരസിച്ചാൽ മാത്രം മറ്റൊരാളെ പരിഗണിച്ചാൽ മതിയെന്നാണ് നിലവിലെ തീരുമാനം.