Crime
അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ ഭർത്താവിന്റെ പീഡനം 24 കാരി മരിച്ചനിലയിൽ

കൊല്ലം: ശാസ്താംകോട്ടയിൽ ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരുഹതയെന്ന് യുവതിയുടെ ബന്ധുക്കൾ. യുവതി ക്രൂരമായ മർദനത്തിനിരയായെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. നിലമേൽ കൈതത്തോട് സ്വദേശിനി വിസ്മയ(24)യുടെ മരണത്തിലാണ് ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിൽ വിസ്മയക്ക് ഭർതൃവീട്ടിൽനിന്ന് ക്രൂര മർദനമേറ്റിരുന്നതായാണ് ഇവർ പറയുന്നത്.
കഴിഞ്ഞ ദിവസവും ഭർത്താവ് മർദിച്ചതായി സഹോദരന് അയച്ച വാട്സാപ്പ് സന്ദേശത്തിൽ വിസ്മയ വെളിപ്പെടുത്തിയിരുന്നു. മർദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനൽകി. വിവാഹസമയത്ത് സ്ത്രീധനമായി നൽകിയ കാർ കൊള്ളില്ലെന്ന് പറഞ്ഞായിരുന്നു ഭർത്താവ് കിരൺകുമാർ മർദിച്ചതെന്നാണ് വിസ്മയ പറഞ്ഞിരുന്നത്. തന്നെയും അച്ഛനെയും അസഭ്യം പറഞ്ഞതായും കാറിന്റെ കണ്ണാടി പൊട്ടിച്ചതായും സന്ദേശത്തിലുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് വിസ്മയ ഇതെല്ലാം വിശദീകരിച്ച് സന്ദേശങ്ങൾ അയച്ചത്. എന്നാൽ, ഇത് കഴിഞ്ഞ് മണിക്കൂറുകൾക്കകം വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ വർഷമാണ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺകുമാറും വിസ്മയയും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇവർ തമ്മിൽ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന് വിസ്മയ സ്വന്തം വീട്ടിലേക്ക് വരികയും ചെയ്തു. പിന്നീട് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി അടുത്തിടെയാണ് വിസ്മയ ഭർതൃവീട്ടിലേക്ക് തിരിച്ചുപോയത്. എന്നാൽ, ഇതിനു ശേഷവും ഭർത്താവിൽനിന്ന് സ്ത്രീധനത്തിന്റെ പേരിൽ മർദനമേറ്റിരുന്നതായാണ് വാട്സാപ്പ് സന്ദേശങ്ങളിൽ പറയുന്നത്. അടി കൊണ്ട് നിലത്ത് വീണ വിസ്മയയുടെ മുഖത്ത് ചവിട്ടിയെന്നും വീട്ടിനകത്ത് കയറ്റാതിരുന്നതായും വാട്ട്സ് ആപ്പ് സന്ദേശത്തിൽ യുവതി പറഞ്ഞിരുന്നു. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസടുത്തു.