Connect with us

Crime

വിസ്മയയുടെ മരണം: എഎംവിഐ ആയ കിരണിനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യും

Published

on

കൊല്ലം: ശാസ്താകോട്ടയ്ക്കടുത്ത് ശാസ്താംനടയില്‍ വിസ്മയ എന്ന യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനുമായ കിരണ്‍കുമാറിനെതിരെ വകുപ്പുതല നടപടിയെടുത്തേയ്ക്കുമെന്ന് റിപ്പോര്‍ട്ട്.

മോട്ടോര്‍വാഹന വകുപ്പില്‍ എഎംവിഐ ആയ കിരണിനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുമെന്നും ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി പുരോഗമിക്കുകയാണെന്നുമാണ് ലഭിക്കുന്ന വിവരം. നിലവില്‍ പോലീസ് കസ്റ്റഡിയിലായ കിരണിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാള്‍ക്കെതിരെ കേസെടുത്താല്‍ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യാനുള്ള നീക്കമാണ് നടത്തി വരുന്നത്.

ഭര്‍ത്താവില്‍ നിന്ന് ക്രൂരമായ പീഡനം ഏറ്റിരുന്നുവെന്ന ചിത്രങ്ങള്‍ സഹിതമുള്ള വിസ്മയയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വിസ്മയ വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍, കിരണിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. മോട്ടോര്‍വാഹന വകുപ്പിലെ സഹപ്രവര്‍ത്തകരുടെ ഇടയിലും കടുത്ത അമര്‍ഷം ഉയരുന്നുണ്ട്. വകുപ്പിനാകെ വന്‍ മാനക്കേടാണ് ഉണ്ടായിരിക്കുന്നതെന്ന വികാരമാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മിനിസ്റ്റീരിയല്‍ ജീവനക്കാരും ക്ലറിക്കല്‍ ജീവനക്കാരുമൊക്കെ പങ്കുവയ്ക്കുന്നത്.

ഔദ്യോഗിക വേഷത്തില്‍, ഡിപ്പാര്‍ട്ട്‌മെന്റ് വാഹനത്തിനൊപ്പമുള്ള കിരണിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നത് കടുത്ത നാണക്കേടാണ് തങ്ങള്‍ക്ക് ഉണ്ടാക്കിയിരിക്കുന്നതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി എടുക്കാനാണ് നീക്കം.

2018 നവംബറിലാണ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടറായി കിരണ്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നത്. നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലാണ് കിരണ്‍ ജോലി ചെയ്തിരുന്നത്. ഇയാള്‍ പലപ്പോഴും മോശമായി പെരുമാറുമായിരുന്നുവെന്ന് ഒപ്പം ജോലി ചെയ്തിരുന്നവരില്‍ പലരും പറയുന്നു. വിസ്മയ മരിച്ചതിന് പിന്നാലെ ഒളിവില്‍പ്പോയ കിരണ്‍ യുവതിയുടെ സംസ്‌കാരം കഴിഞ്ഞയുടന്‍ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് കിരണ്‍കുമാര്‍ ശൂരനാട് പൊലീസിന് മുന്നില്‍ കീഴടങ്ങിയത്.

Continue Reading