Crime
സ്ത്രീധന പീഡനം വീണ്ടും. യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരിൽ യുവതിയെ ഭർത്താവിന്റെ വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ സ്വദേശിനി അർച്ചന(24)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. കട്ടച്ചൽക്കുഴിയിലെ വാടകവീട്ടിലായിരുന്നു ഭർത്താവ് സുരേഷും അർച്ചനയും താമസിച്ചിരുന്നത്. ഏറെ നാളായി സുരേഷും അർച്ചനയുമായി വഴക്കുണ്ടായിരുന്നെന്നും സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് പീഡിപ്പിച്ചിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
അർച്ചനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സുരേഷിന്റെ വീട്ടുകാർ തങ്ങളോട് സത്രീധനം ആവശ്യപ്പെട്ടിരുന്നെന്ന് അർച്ചനയുടെ ബന്ധുക്കൾ പറഞ്ഞു.
ഇന്നലെ സുരേഷും അർച്ചനയും അർച്ചനയുടെ വീട്ടിൽവന്ന് മടങ്ങിപ്പോയിരുന്നു. അതിനു ശേഷമാണ് സംഭവം നടന്നിരിക്കുന്നത്. തീകൊളുത്തിയ അർച്ചനയെ സമീപത്തെ വീട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അവിടെവെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ഈ സമയം സുരേഷ് അവിടെ ഉണ്ടായിരുന്നില്ല എന്നാണ് പറയുന്നത്. എന്നാൽ മകൾ ആത്മഹത്യ ചെയ്യില്ലെന്നും സുരേഷിന്റെ അറിവോടെയാണ് ഇത് സംഭവിച്ചിരിക്കുന്നതെന്ന് അർച്ചനയുടെ പിതാവ് അശോകൻ പറഞ്ഞു.
അർച്ചനയും ഭർത്താവും തമ്മിൽ ഇടയ്ക്കിടയ്ക്ക് പ്രശ്നങ്ങളുണ്ടാകാറുണ്ടായിരുന്നു. സുരേഷിന്റെ അച്ഛൻ അർച്ചനയുടെ അച്ഛനോട് മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി വിവരമുണ്ട്. വസ്തു വാങ്ങാനാണ് ഇതെന്ന് പറഞ്ഞായിരുന്നു പണം ആവശ്യപ്പെട്ടത്. പിന്നീട് പണം ആവശ്യപ്പെട്ടില്ല. എന്നാൽ ഇടയ്ക്കിടയ്ക്ക് അർച്ചനയും സുരേഷും തമ്മിൽ വഴക്കുണ്ടാകാറുണ്ടായിരുന്നു.