Crime
വിസ്മയ മരിച്ച കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം: കൊല്ലം ശൂരനാട്ടെ വിസ്മയ മരിച്ച കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ജാമ്യമില്ലാ വകുപ്പ് ചേർത്ത് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അസിസ്റ്റൻഡ് മോട്ടോര്‍ വെഹിക്കിൾ ഇന്സ്പെടര് ആയ കിരണ്‍ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വിസ്മയ(24)യെ അമ്പലത്തുംഭാഗത്തെ ഭര്‍തൃഗൃഹത്തില്‍ തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ തൂങ്ങിമരിച്ച നിലയില്‍കാണപ്പെട്ടത്. വീടിന്റെ മുകള്‍ നിലയിലെ ശുചിമുറിയില്‍ തൂങ്ങിയ നിലയിൽ കാണപ്പെട്ട വിസ്മയയെ ഭർതൃവീട്ടുകാർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നങ്കിലും മരണം സംഭവിച്ചിരുന്നു.
മരണത്തിൽ ദുരൂഹത ഉയർന്നതിനാൽ പിന്നീട് പോലീസ് എത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് എത്തിച്ചു. തുടർന്ന് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഭർതൃഗൃഹത്തിൽ വച്ച് മർദ്ദനമേറ്റെന്നു കാട്ടി കഴിഞ്ഞ ദിവസം വിസ്മയ ബന്ധുക്കൾക്ക് വാട്ട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു പുലർച്ചെ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ബന്ധുക്കൾ വീട്ടിൽ എത്തുന്നതിന് മുമ്പ് മൃതദേഹം ഇവിടെനിന്നും മാറ്റിയെന്നും യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചു.