Crime
വിസ്മയയുടെ മരണം ഭർത്താവ് കിരൺ കുമാറിന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കൊല്ലം: ശാസ്താംകോട്ടയിൽ വിസ്മയ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിസ്മയയുടെ സ്വർണമുള്ള ലോക്കർ സീൽ ചെയ്തു. സ്ത്രീധനമായി നൽകിയ വിസ്മയയുടെ സ്വർണവും കാറും തൊണ്ടിമുതലാകും. ജയിലിൽ റിമാൻഡിലുള്ള കിരൺ കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. കിരൺ കുമാർ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് വിസ്മയയുടെ സുഹൃത്തുക്കളും ബന്ധുക്കളും കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നിരുന്നു.ഇവരുടെയെല്ലാം മൊഴി രേഖപ്പെടുത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. കിരണിന്‍റെ മാതാപിതാക്കൾ അടക്കമുള്ള ബന്ധുക്കളെയും ചോദ്യം ചെയ്യും. ജനുവരി രണ്ടിന് കിരൺ കുമാർ വിസ്മയയുടെ വീട്ടിലെത്തി, ഭാര്യയെയും സഹോദരനെയും ക്രൂരമായി മർദ്ദിച്ചിരുന്നു. ഈ കേസ് പിന്നീട് ഒത്തുതീർപ്പാക്കുകയായിരുന്നു. ഈ കേസ് വീണ്ടും അന്വേഷിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വിസ്മയയെയും സഹോദരനെയും മർദ്ദിച്ച ശേഷം രക്ഷപ്പെടുന്നതിനിടെ, പിടികൂടിയ എസ്ഐയെയും കിരൺ മർദിച്ചിരുന്നു.ഇതിലും കിരണിനെതിരെ കേസ് ചാർജ് ചെയ്യുന്നത് പൊലീസ് പരിഗണിക്കുന്നുണ്ട്. വീട്ടിലെ അക്രമത്തിന് ശേഷം ശരത്‌ലാൽ എന്ന എസ്ഐയെ കിരൺ മർദിച്ചിട്ട് പോലും കേസെടുക്കാൻ പൊലീസ് തയാറാകാതിരുന്നതിന് പിന്നിൽ എന്ത് ഇടപെടലാണ് നടന്നതെന്ന് അന്വേഷിക്കണമെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ ആവശ്യപ്പെട്ടിരുന്നു