Crime
അർജുൻ ആയങ്കിയുമായി കസ്റ്റംസ് സംഘം കണ്ണൂരിൽ തെളിവെടുപ്പ് തുടങ്ങി

കണ്ണൂർ:കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുമായി കസ്റ്റംസ് സംഘം കണ്ണൂരിൽ തെളിവെടുപ്പ് തുടങ്ങി. അർജുൻ്റെ അഴീക്കോട്ടെ വീട്ടിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ് കസ്റ്റംസ് തീരുമാനം.
ഇന്ന് പുലർച്ചെ 3.30 ഓടെയാണ് കൊച്ചിയിൽ നിന്ന് കസ്റ്റംസ് സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടത്. ഈ മാസം 6 വരെയാണ് അർജുൻ ആയങ്കിയെ ചോദ്യം ചെയ്യലിന്നായി കസ്റ്റംസ് കസ്റ്റഡിയിൽ വിട്ട് നൽകിയത്.
കേസിൽ അർജുൻ ആയങ്കി, മുഹമ്മദ് ഷെഫീഖ് എന്നിവരാണ് കസ്റ്റംസിൻ്റെ കസ്റ്റഡിയിൽ ഉള്ളത്. സ്വർണം കൊണ്ടുവന്നത് അർജുൻ മൊഴി നൽകിയിരുന്നു. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത് കേസിലെ ബുദ്ധികേന്ദ്രം അർജുൻ ആയങ്കിയെന്നാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് ഇന്നലെ അഞ്ചു പേർ കൂടി അറസ്റ്റിലായിരുന്നു.
അതിനിടെ കള്ളക്കടത്ത് സ്വർണം കവരാനും, ഒളിവിൽ കഴിയാനും ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനിയും ഷാഫിയും സഹായിച്ചെന്ന് അർജുൻ ആയങ്കി കസ്റ്റംസിന് മൊഴി നൽകി. ഇരുവർക്കും താൻ പ്രതിഫലം നൽകിയെന്നും അർജുൻ അന്വേഷണ സംഘത്തോട് പറഞ്ഞു.
അർജുന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊടി സുനിയേയും, ഷാഫിയേയും കസ്റ്റംസ് ചോദ്യം ചെയ്യും. അതേസമയം കരിപ്പൂർ സ്വർണക്കവർച്ച കേസിൽ കൊടുവള്ളി സ്വദേശികളായ അറ് പേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.