KERALA
തനിക്ക് നോട്ടീസ് അയച്ചത് സ്വർണക്കടത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം:
കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്ക് മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ പറഞ്ഞു. കേസ് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. തനിക്ക് നോട്ടീസ് അയച്ചത് സ്വർണക്കടത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ്. കേസിനെ ഗൗരവത്തിൽ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പറഞ്ഞ ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർബന്ധമില്ല. ചൊവ്വാഴ്ച പാർട്ടി യോഗമുണ്ട്. ഹാജരാകുന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
കോവിഡ് മരണങ്ങളുടെ യഥാർഥ കണക്ക് പുറത്തുവിടണമെന്നും സുരേന്ദ്രൻ പറഞ്ഞു. കോവിഡിന്റെ കാര്യത്തിൽ ഇന്ത്യയിൽ കള്ളക്കണക്ക് കാണിച്ചതിൽ ഒന്നാം സ്ഥാനം കേരളത്തിനാണെന്നും അദ്ദേഹം പരിഹരിച്ചു.കേരളം നമ്പർ വണ്‍ ആകാനുള്ള ശ്രമത്തിനിടെ ലക്ഷക്കണക്കിന് ആളുകൾക്കാണ് ആനുകൂല്യങ്ങൾ നഷ്ടമാകുന്നത്. ഇത് മനുഷ്യാവകാശ ലംഘനമാണ്. സർക്കാർ ഇരുട്ടുകൊണ്ട് ഓട്ടയടക്കുകയാണ്.
ശരിയായ കണക്ക് നൽകാൻ ഇപ്പോൾ ആരോഗ്യമന്ത്രി നിർദേശം നൽകിയിരിക്കുകയാണ്. അപ്പോൾ ഇതുവരെ നൽകിയത് കള്ളകണക്കാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്.
ചീപ് പബ്ലിസിറ്റിക്കായി എന്തിനാണ് പിണറായി വിജയൻ കണക്കുകൾ മറച്ചുവയ്ക്കുന്നത്. കേരളം നമ്പർ വണ്‍ ആണെന്ന് വരുത്താൻ കാണിച്ച ഈ നടപടി കോവിഡ് മൂലം മരിച്ചവരുടെ കുടുംബത്തോട് കാണിച്ച ഹീനമായ പ്രവർത്തിയാണെന്നും സുരേന്ദ്രൻ കൂടിച്ചേർത്തു ,