KERALA
കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ച നിലയിൽ

കൊച്ചി: കൊച്ചി നാവികസേന ആസ്ഥാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ച നിലയിൽ. വാത്തുരുത്തി ഭാഗത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തർപ്രദേശ് സ്വദേശി തുഷാർ അത്രി (19)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾ ഉപയോഗിച്ചിരുന്ന എകെ 47 തോക്ക് ഉപയോഗിച്ചാണ് വെടി വെച്ചതെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. ഇരുന്ന ശേഷം തോക്ക് തലയിലേക്ക് ചേർത്തുപിടിച്ച് വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്ന് പുലർച്ചെയാണ് തുഷാർ അത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 12 മണി മുതൽ 2 മണി വരെയുള്ള ഡ്യൂട്ടിയായിരുന്നു അത്രിക്ക്. ഇതിനിടയിൽ ഓരോ മണിക്കൂർ ഇടവേളയിൽ സുരക്ഷാ പോസ്റ്റുകളിലെത്തി ബാറ്ററികൾ മാറ്റി നൽകുമായിരുന്നു. ഇത്തരത്തിൽ ബാറ്ററി മാറ്റി നൽകുവാൻ എത്തിയ നാവികസേന ഉദ്യോഗസ്ഥനാണ് തുഷാർ അത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷണത്തിന് നാവിക സേന ഉത്തരവിട്ടു. പ്രത്യേക സംഘം ഇക്കാര്യത്തിൽ അന്വേഷണം നടത്തും. ഉത്തർപ്രദേശ് അലിഗഡ് സ്വദേശിയാണ് അത്രി. ഒന്നര വർഷമായി കൊച്ചി നാവികസേന ആസ്ഥാനത്ത് ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഇയാളുടെ മാതാവിന് ഗുരുതരമായ ചില അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ബന്ധു പോലീസിന് മൊഴി നൽകിയിരിക്കുന്നത്. അതിന്റെ മനോവിഷമത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് പോലീസിന്റെ നിഗമനം.