Crime
സുഹൃത്ത് പീഡനത്തിന് ഇരയായെന്ന മയൂഖയുടെ പരാതിയിൽ തെളിവില്ലെന്ന് പോലീസ്
തൃശ്ശൂർ: സുഹൃത്ത് പീഡനത്തിന് ഇരയായെന്ന ഒളിമ്പ്യൻ മയൂഖാ ജോണിയുടെ പരാതിയിൽ ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്ന് പോലീസ്. 2016-ൽ നടന്ന സംഭവമായതിനാൽ ശാസ്ത്രീയ തെളിവുകളില്ല. സാഹചര്യത്തെളിവു വെച്ചാണ് കേസ് അന്വേഷിക്കുന്നതെന്ന് പോലീസ് പറയുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.
അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് കാണിച്ച് പീഡനത്തിന് ഇരയായ പെൺകുട്ടി തന്നെ ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ റിപ്പോർട്ട് എസ്.പി. പൂങ്കുഴലി ഹൈക്കോടതിയിൽ സമർപ്പിച്ചത്. കേസിൽ ശാസ്ത്രീയ തെളിവുകളില്ലെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. സംഭവം നടന്നതായി പറയുന്നത് 2016-ൽ ആണ്. അഞ്ചുവർഷം മുൻപത്തെ ടവർ ലൊക്കേഷനോ ഫോണുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങളോ ഇപ്പോൾ ലഭ്യമല്ല. ആ സാഹചര്യത്തിൽ പരാതി ശാസ്ത്രീയമായി തെളിയിക്കാനാവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
