Crime
കെ.കെ രമയുടെ പേരിൽ ലഭിച്ച ഭീഷണിക്കത്തിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പി.ജയരാജൻ

കണ്ണൂർ: വടകര എംഎൽഎ കെ.കെ രമയുടെ പേരിൽ ലഭിച്ച ഭീഷണിക്കത്തിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ. ഫെയ്സ്ബുക്കിലാണ് അദ്ദേഹം ആവശ്യമുന്നയിച്ചത്. ജനങ്ങൾ മറന്നുപോയ കേസിനെക്കുറിച്ചുള്ള കള്ളക്കഥകൾ ലൈവാക്കി നിലനിർത്താനാണ് ശ്രമം.നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാൽ വിഷയ ദാരിദ്ര്യം മൂലം പ്രയാസത്തിലായ യുഡിഎഫിലെ ക്രിമിനൽ രാഷ്ട്രീയ നേതൃത്വമാണ് ഭീഷണിക്കത്തിന്റെ പിന്നിലെന്ന് സംശയിക്കണം. പുതിയ കെപിസിസി അധ്യക്ഷൻ വന്നപ്പോൾ കോൺഗ്രസിലെ മറ്റൊരു ഗ്രൂപ്പ് നേതാവിന്റെ കുടുംബത്തെ തകർക്കുമെന്ന ഭീഷണിക്കത്ത് വന്നവെന്നതും ഈ സന്ദർഭത്തിൽ പ്രസക്തമാണെന്നും പി.ജയരാജൻ പറഞ്ഞു.