Crime
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് എ.സി മൊയ്തീനും ബേബിജോണിനും ജാഗ്രതക്കുറവ് ഉണ്ടായെന്ന് സിപിഎം

തിരുവനന്തപുരം : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ എ.സി മൊയ്തീനും ബേബിജോണിനും ജാഗ്രതക്കുറവ് ഉണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സംസ്ഥാനനേതൃത്വത്തെ വിഷയം ബോധ്യപ്പെടുത്തുന്നതില്‍ ഇരുനേതാക്കള്‍ക്കും വീഴ്ച പറ്റി. സിപിഎം തൃശ്ശൂര്‍ ജില്ലാ നേതൃത്വത്തിനും വീഴ്ച പറ്റിയെന്നാണ് സെക്രട്ടറിയേറ്റിന്റെ പ്രാഥമിക വിലയിരുത്തല്‍.
സഹകരണ മേഖലയിലെ 90 ശതമാനം ബാങ്കുകളും സിപിഎം നിയന്ത്രണത്തിലുള്ളതാണ്. സാധാരണക്കാര്‍ ചെറിയ സമ്പാദ്യം നിക്ഷേപിക്കുന്ന ഇടമാണ് സഹകരണ മേഖല. അതിനാല്‍ തന്നെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സിപിഎമ്മിന്റെ പ്രതിഛായയെ തന്നെ ബാധിച്ചിരുന്നു. മാത്രവുമല്ല പ്രതിപക്ഷവും വിഷയം വലിയ രീതിയില്‍ ഉന്നയിച്ച് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതിനും ഇടവന്നു.
സിപിഎമ്മിന്റെ ജില്ലാ ഘടകം നേരത്തെ തന്നെ ഇത് സംബന്ധിച്ച് അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഇത്രവലിയ സംഭവം തൃശ്ശൂര്‍ നേതൃത്വത്തിന്റെ അറിവിലുണ്ടായിട്ടും സംഭവം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതില്‍ എ.സി മൊയ്തീനും ബേബി ജോണിനും വീഴ്ചയുണ്ടായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പ്രതിഛായ വീണ്ടെടുക്കാന്‍ പാര്‍ട്ടി നിയന്ത്രണങ്ങളിലുള്ള ബാങ്കുകളിലും സി.പി.എം പരിശോധന ആരംഭിച്ചു. കൂടുതല്‍ നേതാക്കള്‍ക്ക് വിഷയത്തില്‍ പങ്കുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടികളിലേക്ക് കടക്കുമെന്നാണറിയുന്നത്. സംസ്ഥാനത്ത് പലയിടങ്ങളിലും തട്ടിപ്പ് അന്വേഷിക്കാന്‍ ഒമ്പതംഗ സംഘം രൂപീകരിച്ചതായി മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.