Crime
മന്ത്രി വി ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസിലെ പ്രതികള്‍ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി വി ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷം. ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ആവശ്യപ്പെട്ടു. നിയമസഭ തല്ലിത്തകര്‍ത്ത ആള്‍ മന്ത്രിയായി തുടരരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മന്ത്രി രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. നിയമസഭയുടെ മേശപ്പുറത്ത് കയറി നിന്നയാള്‍ വിദ്യാഭ്യാസമന്ത്രിയായി തുടരരുത്. മന്ത്രിയായി തുടരുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് എന്തു സന്ദേശമാണ് ശിവന്‍കുട്ടി നല്‍കുന്നതെന്ന് സതീശന്‍ ചോദിച്ചു. കോടതി നടപടികള്‍ക്ക് മുമ്പ് കെപി വിശ്വനാഥന്‍ രാജിവെച്ചതും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.
ശിവന്‍കുട്ടി രാജിവെച്ചേ മതിയാകൂ എന്ന് കെ സുധാകരനും അഭിപ്രായപ്പെട്ടു. കേസിന്റെ മെറിറ്റിലേക്ക് സുപ്രീംകോടതി കടന്നില്ലെന്ന വാദം മാന്യതയ്ക്ക് നിരക്കുന്നതല്ല. പൊതുമുതല്‍ നശിപ്പിച്ച കേസിന് പൊതുപണം ഉപയോഗിച്ചത് അധാര്‍മ്മികമാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
ശിവന്‍കുട്ടി മന്ത്രിസ്ഥാനം ഉടന്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തന്റെ നിരന്തര പോരാട്ടം കൊണ്ടാണ് കേസ് നിലനിന്നതെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിയായി തുടരാനുള്ള ധാര്‍മ്മിക അവകാശം ശിവന്‍കുട്ടിക്ക് നഷ്ടമായി എന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് പറഞ്ഞു. ശിവന്‍കുട്ടി രാജിവെക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു.
2015 മാര്‍ച്ച് 13 ന് കെ എം മാണിയുടെ ബജറ്റ് അവതരണം തടഞ്ഞുകൊണ്ട് ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ പ്രതിഷേധമാണ് കേസിന് ആസ്പദം. ബാര്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന എല്‍.ഡി.എഫ്. എംഎല്‍എമാരുടെ നിലപാടാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.