Connect with us

Crime

ഉച്ചഭക്ഷണ പദ്ധതിയിൽ തട്ടിപ്പ് കാണിച്ച് അധ്യാപകൻ തിരിമറി നടത്തിയത് 25 ലക്ഷം

Published

on

പാലക്കാട്: പാലക്കാട്ടെ സർക്കാർ സ്‌കൂളിൽ ഉച്ചഭക്ഷണ പദ്ധതിയിൽ തട്ടിപ്പ് കാണിച്ച് അധ്യാപകൻ തിരിമറി നടത്തിയത് 25 ലക്ഷം രൂപയെന്ന് കണ്ടെത്തൽ. പട്ടികജാതിപട്ടികവർഗ കമ്മീഷൻ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് നടത്തിയ വിവരം പുറത്ത് വന്നത്. ഉച്ച ഭക്ഷണത്തിന്റെ പേരിൽ 2013 മുതൽ 2018 വരെ തട്ടിപ്പ് നടത്തിയതായാണ് കമ്മീഷൻ കണ്ടെത്തിയത്. 25 ലക്ഷം രൂപയുടെ വെട്ടിപ്പാണ് കണ്ടെത്തിയത്.

പാലക്കാട് പത്തിരിപ്പാല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലാണ് പ്രശാന്ത് എന്ന അധ്യാപകൻ അഞ്ചു കൊല്ലത്തോളം വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഉച്ചഭക്ഷണത്തിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപകൻ പ്രശാന്തിന് ക്രമക്കേടിൽ പങ്കുണ്ടെന്ന് നേരത്തെ തന്നെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇയാൾക്കെതിരെ നടപടിയൊന്നും എടുത്തിരുന്നില്ല. പിന്നീട് പിടിഎ ഇടപെട്ടാണ് പരാതി നൽകിയത്.

ഹർത്താൽ ദിനത്തിൽ പോലും 739 കുട്ടികൾക്ക് ഭക്ഷണം കൊടുത്തെന്നാണ് രേഖകൾ. ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിലുള്ള ബില്ലുകളാണ് അരിയും പലവ്യഞ്ജനങ്ങളുമൊക്കെ വാങ്ങിയതിന് നൽകിയ ബില്ലുകളിലുള്ളതെന്നും കമ്മീഷൻ കണ്ടെത്തി. വെളിച്ചെണ്ണ വാങ്ങിയതിന് നൽകിയത് പാലക്കാട് നിന്നും നൂറ് കിലോമീറ്റർ ദൂരമുള്ള അങ്കമാലിയിലെ കടയിലെ ബില്ലാണ്. ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടുവെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കമ്മീഷൻ വ്യക്തമാക്കി.

Continue Reading