Crime
മാനസ കൊലപാതകം: പോലീസ് ബീഹാറിലേക്ക്

കണ്ണൂർ: മാനസയെ കൊല്ലാൻ ഉപയോഗിച്ച തോക്ക് കൊണ്ടുവന്നത് ബീഹാറിൽ നിന്നെന്ന് മന്ത്രി എം വി ഗോവിന്ദൻ. ഉത്തരേന്ത്യൻ സ്‌റ്റൈൽ കൊലപാതകമാണ് നടന്നതെന്നും, എല്ലാ തെളിവുകളും കിട്ടിയെന്നും മന്ത്രി അറിയിച്ചു.പൊലീസ് ഇന്നുതന്നെ ബീഹാറിലേക്ക് പോകും. മാനസയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് രഗിൽ സുഹൃത്തിനൊപ്പം ബീഹാറിലെ ഉൾപ്രദേശത്ത് പോയി താമസിച്ചിരുന്നു. ഈ സുഹൃത്ത് ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും പേരുവിവരങ്ങൾ പുറത്തുവിടുക. രഗിലിന്റെ മറ്റ് സുഹൃത്തുക്കളെക്കുറിച്ചും അന്വേഷിക്കും.
തന്റെ സ്ഥാപനത്തിലെ ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നാണ് ബീഹാറിൽ തോക്ക് കിട്ടുമെന്ന് രഗിൽ അറിഞ്ഞതെന്നാണ് സൂചന. അതേസമയം രഗിലിന്റെ മൃതദേഹം സംസ്‌കരിച്ചു. പിണറായിയിലെ പൊതുശ്മശാനത്തിലായിരുന്നു സംസ്‌കാരം നടന്നത്. മാനസയുടെ മൃതദേഹം പയ്യാമ്പലം ശ്മശാനത്തിൽ സംസ്ക്കരിച്ചു.രഖിലിന്റെ മൃതദേഹം തലശേരി ജനറലാശുപത്രിയിൽ നിന്ന് രാവിലെ മേലൂരിലെ വീട്ടിലെത്തിച്ചു. തുടർന്ന് പിണറായി പൊതു ശ്മശാനത്തിൽ സംസ്ക്കരിച്ചു.